തിരുവനന്തപുരം:
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആണ് ഹാജരാക്കുക.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) 7 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണു ശിവശങ്കറിനെതിരെ ചുമത്തിയിരിക്കുന്നത്. ഇത്തരമൊരു കേസിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിലാകുന്നത് സംസ്ഥാന സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യമാണ്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചതില്‍ ശിവശങ്കറിന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇ.ഡി അറസ്റ്റിലേക്ക് നീങ്ങിയത്. വിദേശത്തേക്കു ഡോളർ കടത്താൻ സ്വപ്നയെ സഹായിച്ചെന്ന കേസിൽ ഇനി കസ്റ്റംസും ശിവശങ്കറെ ചോദ്യം ചെയ്യും.