Mon. Dec 23rd, 2024
പാലക്കാട്:

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ പോലീസിനെതിരേ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പെൺകുട്ടികളുടെ അമ്മ.

കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ വന്ന പോലീസ് താന്‍ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തതെന്ന് പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചു. കേരള പോലീസ് കേസന്വേഷിച്ചാല്‍ വീണ്ടും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും കുട്ടികളുടെ അമ്മ പറഞ്ഞു. കേസില്‍ തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞ തിങ്കളാഴ്ച രണ്ട് പോലീസുകാരെത്തി വീണ്ടും പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തത്. പോലീസിന്റെ അനാസ്ഥ മൂലമാണ് കേസ് അട്ടിമറിക്കപ്പെട്ടതും പ്രതികൾ കുറ്റവിമുക്തരായതെന്നും സർക്കാർ തന്നെ അംഗീകരിച്ച സാഹചര്യത്തിലാണ് വീണ്ടും പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ‘അമ്മ രംഗത്തെത്തിയിരിക്കുന്നത്.

‘മക്കള്‍ ജീവിച്ചിരുന്ന സമയത്തുണ്ടായിരുന്ന ഷെഡ് പൊളിച്ചോ എന്നാണ് പോലീസുകാര്‍ ആദ്യം ഫോണ്‍ വിളിച്ച് ചോദിച്ചത്. അതൊന്ന് കാണാനാണെന്ന് പറഞ്ഞാണ് തിങ്കളാഴ്ച പോലീസുകരെത്തിയത്. വീട്ടിലെത്തിയപ്പോള്‍ മൊഴിയെടുക്കണമെന്നും കേസില്‍ സംശയമുള്ളവരുടെ പേരുകള്‍ പറയാനും ആവശ്യപ്പെട്ടു. അഞ്ച് പ്രതികള്‍ക്ക് പുറമേ ആറാമത്തെ ഒരാളെകൂടി സംശയമുണ്ടെന്നും ആയാളെ രക്ഷിക്കാനായാണ്‌ പിടിയിലായ അഞ്ച് പേരെ വെറുതെവിട്ടതെന്നും പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങളും പോലീസ് രേഖപ്പെടുത്തിയില്ല’ – പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

ഒക്ടോബര്‍ 25, ഒക്ടോബര്‍ 31 ദിവസങ്ങള്‍ താന്‍ ചതിക്കപ്പെട്ട ദിവസങ്ങളാണ്. ഒക്ടോബര്‍ 25ന് പോക്‌സോ കോടതി പ്രതികളെ വെറുതേ വിട്ടിട്ട് ഒരുവര്‍ഷം തികയും. ഒക്ടോബര്‍ 31 മുഖ്യമന്ത്രിയെ കാണാന്‍ പോയി അദ്ദേഹം നടപടി ഉറപ്പുതന്ന ദിവസവും. ഈ രണ്ട് ദിവസവും വീടിന് മുന്നില്‍ സമരം ഇരിക്കുമെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.

By Arya MR