Wed. Jan 22nd, 2025
ന്യൂയോർക്ക്:

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനവട്ട സംവാദത്തിൽ ഇന്ത്യയെ താഴ്ത്തികെട്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണെന്നാണ് ട്രംപ് സംവാദത്തിനിടയിൽ പറഞ്ഞത്. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയുതുമായി ബന്ധപ്പെട്ട് കാര്യം വിശദമാക്കുന്നതിനിടയിലാണ് ട്രംപിന്റെ പരാമര്‍ശം.

പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച ട്രംപ് ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളിലെ വായു മലിനമാണ് എന്ന് ആരോപിച്ചു. “ചൈനയെ നോക്കൂ. അത് എത്ര മലിനമാണ്. റഷ്യ നോക്കൂ, ഇന്ത്യ നോക്കൂ. വായു മലിനമാണ്.” – സംവാദത്തില്‍ ട്രംപ് പറഞ്ഞു.

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ ഉടലെടുത്ത സൗഹൃദം വളരെ ഖ്യാതികേട്ടതായിരുന്നു. മോദിയ്ക്കായി യുഎസിൽ ‘ഹൗഡി മോദി’ എന്ന വമ്പൻ പരിപാടി ട്രംപ് ഒരുക്കിയതും, ട്രംപ് ഗുജറാത്തിൽ ‘നമസ്തേ ട്രംപ്’ എന്ന പരിപാടി ഒരുക്കിയതുമൊക്കെ ഇവരുടെ സൗഹൃദത്തിന്റെ വ്യാപ്തി തെളിയിക്കുന്നതാണെന്നായിരുന്നു പ്രചാരം. അതിനാൽ,  ഇപ്പോൾ സംവാദത്തിൽ ട്രംപ് ഇന്ത്യയെ വിമർശിച്ചത് സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയാവുകയാണ്. ഇന്ത്യയുമായി അടുത്ത ബന്ധമാണ് ട്രംപിന് ഉള്ളതെന്ന് പ്രചാരം നടക്കേയാണ് ട്രംപിന്റെ ഭാഗത്ത് നിന്ന് ഈ വിമർശനം ഉയർന്നിരിക്കുന്നത്.

By Arya MR