Fri. Nov 22nd, 2024

കളമശേരി:

കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ് മൂലം മരിച്ച കൊവിഡ് രോഗിയായിരുന്ന ബൈഹക്കിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.  ജൂലൈ 24 നാണ് ആലുവ എടത്തല സ്വദേശി ബൈഹക്കി മരിച്ചത്.  മരിക്കുന്നതിന് മുമ്പ് ബൈഹക്കി ബന്ധുക്കള്‍ക്ക് അയച്ച വാട്ട്സാപ്പ് സന്ദേശത്തില്‍ പറയുന്ന കാര്യങ്ങൾ കൂടി ഉള്‍പ്പെടുത്തി സമഗ്ര അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ കേസ് ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം.എല്‍.എ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്.

ചികിത്സക്കായി ആശുപത്രി അധികൃതര്‍ 40,000 രൂപ ആവശ്യപ്പെട്ടു എന്ന് വ്യക്തമാക്കുന്നതായിരുന്നു ബെെഹക്കിയുടെ ശബ്ദസന്ദേശം. പണം നല്‍കിയാല്‍ മികച്ച പരിഗണന ലഭിക്കുമെന്നും ശബ്ദസന്ദേശത്തിലുണ്ടായിരുന്നു. ബൈഹക്കിയെ വെന്‍റിലേറ്ററിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടുവെന്നും കുടുംബം ആരോപിച്ചിരുന്നു.

അതേസമയം, ചികിത്സാപിഴവ് കാരണം മരിച്ച ജമീലയുടെ കുടുംബവും ഇന്ന് പൊലീസില്‍ പരാതി നല്‍കും.  ഐ.സി.യുവിലെ പരിചരണത്തില്‍ പിഴവുള്ളതായി മാതാവ് സൂചിപ്പിച്ചിരുന്നുവെന്ന് മകള്‍ ഖയറുന്നിസ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മറ്റൊരു ആശുപത്രിയിലേക്ക് മാറാനിരിക്കെയാണ് മരണം സംഭവിച്ചതെന്നും മകള്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളും ഡോ. നജ്മയുടെ വെളിപ്പെടുത്തലിലെ കാര്യങ്ങളുമെല്ലാമാണ് ഇരുകുടുംബങ്ങളും പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam