Mon. Dec 23rd, 2024

 

തിരുവനന്തപുരം:

കേരള കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗത്തിന്റെ പ്രവേശനം സ്വാ​ഗതം ചെയ്ത് സിപിഐ. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ജോസ് കെ മാണിയുടെ ഇടതുപ്രവേശം എതി‍ർക്കേണ്ടതില്ലെന്ന തീരുമാനം ഉയർന്നത്. മുൻപ് തദ്ദേശ തിര‍ഞ്ഞെടുപ്പിൽ സഹകരിപ്പിച്ച ശേഷം അവരുടെ ജനസ്വാധീനം കൂടി പരിശോധിച്ച് മുന്നണി പ്രവേശനം അനുവദിച്ചാൽ മതിയെന്ന അഭിപ്രായം സിപിഐ നേതൃത്വത്തിനുള്ളിലെ ഒരു വിഭാഗം ഉയർത്തിയിരുന്നു.

സിപിഎമ്മും സിപിഐയും ജോസ് കെ മാണിയെ സ്വാഗതം ചെയ്തതോടെ എൽഡിഎഫ് പ്രവേശനത്തിന് ഇനിയൊരു ഔദ്യോ​ഗിക പ്രഖ്യാപനത്തിൻ്റെ ആവശ്യം മാത്രമാണുള്ളത്. ജോസ് കെ മാണിയെ തദ്ദേശ തെരഞ്ഞെടുപ്പിനായി മുൻപേ തന്നെ മുന്നണിയിൽ എത്തിക്കണമെന്നാണ് സിപിഎം നിലപാട്. ജോസ് വിഭാ​ഗത്തിൻ്റെ നിലപാട് മാറ്റം സ്വാ​ഗതാർഹമാണെന്ന് സിപിഐ എക്സിക്യൂട്ടീവ് യോഗവും വിലയിരുത്തി. അതേസമയം പാലാ സീറ്റിനെ ചൊല്ലി എൽഡിഎഫിൽ തർക്കം രൂക്ഷമാകാനുള്ള സാധ്യത കൂടുതലാണ്.

By Athira Sreekumar

Digital Journalist at Woke Malayalam