Sun. Dec 22nd, 2024

യോഗി ഭരണകൂടവും യുപി പൊലീസും സൃഷ്ടിച്ച കടുത്ത സമ്മര്‍ദ്ദങ്ങളും, പ്രതികാര നടപടിയും വകവെയ്ക്കാതെ ഹാഥ്റസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും കോൺഗ്രസ് പ്രവർത്തകർക്ക് തിരിച്ചുവരവിൻ്റെ പുതു പ്രതീക്ഷയായായി മാറുന്നു. ബിജെപിയുടെ സമഗ്രാധിപത്യത്തിൽ നിന്ന് രാജ്യത്തെ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസിന് സാധിക്കും എന്ന ഉറച്ച വിശ്വാസമാണ് പ്രവർത്തകർക്കുണ്ടായിരിക്കുന്നത്. പ്രിയങ്കയ്ക്കും രാഹുലിനും ഇത്രയധികം ജനപിന്തുണ ലഭിക്കാന്‍ കാരണവുമതുതന്നെ. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനേറ്റ ശക്തമായ തിരിച്ചടികളില്‍ നിന്നെല്ലാമുള്ള ഉയര്‍ത്തെഴുന്നേല്‍പ് കൂടിയായിരിക്കാം ഒരു പക്ഷേ ഈ ജനപിന്തുണ.

ഒരു ശക്തിക്കും തങ്ങളെ നിശബ്ദരാക്കാനാവില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനവും നീതി കിട്ടുംവരെ സമരമെന്ന് പ്രിയങ്കയുടെ ഉറച്ച നിലപാടിന് മുന്നിലുമാണ് യോഗിയുടെ പൊലീസിന് അടിയറവ് പറയേണ്ടി വന്നത്. ഭരിച്ച് തഴക്കംചെന്ന നെഹ്റുകുടുംബത്തിലെ കൊച്ചുമക്കളെ തീവ്രഹിന്ദുത്വവാദികളും , ഭാരതീയ ജനതാ പാര്‍ട്ടിയും ഭയക്കുന്നതെന്തിനായിരിക്കും? മോദി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന രാഹുലും പ്രിയങ്കയും ജനങ്ങളുടെ പിന്തുണ പിടിച്ചുപറ്റി കോണ്‍ഗ്രസ് വീണ്ടും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കുമോയെന്ന ഭയമാണ് ഭരണകൂടത്തിന്.

പതിനേഴാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മോദി തരംഗം വീണ്ടും അലയടിച്ചപ്പോള്‍ കോണ്‍ഗ്രസ് നേരിട്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദയനീയ പരാജയമായിരുന്നു. 2014ല്‍  കേവല ഭൂരിപക്ഷത്തോടെ ഭരണത്തിലേക്ക് പാര്‍ലമെന്‍റിന്‍റെ പടിചവിട്ടിയ മോദി 2019ല്‍ വന്‍ഭൂരിപക്ഷത്തോടെയായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്. പക്ഷേ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംപൂജ്യയരായി മാറുകയായിരുന്നു. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലുമായി ഓരോ സംസ്ഥാനത്തു മാത്രമാണ് കോൺഗ്രസിന് ശക്തിതെളിയിക്കാനായത്. ആകെയുള്ള 29 സംസ്ഥാനങ്ങളിൽ പതിമ്മൂന്നിലും കോൺഗ്രസ് തുടച്ചുനീക്കപ്പെടുന്ന സ്ഥിതി വിശേഷവുമുണ്ടായി. ഇതില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിന്‍റെ കോട്ടയായിരുന്നുവെന്നതും പാര്‍ട്ടിയെ തളര്‍ത്തി. ചൗക്കീദാര്‍ ചോര്‍ ഹെ (കാവല്‍ക്കാരന്‍ കള്ളന്‍) എന്ന മുദ്രാവാക്യം മുഴക്കി രാഹുല്‍ നടത്തിയ പ്രചാരണങ്ങളെല്ലാം വിഫലമായപ്പോള്‍ ദയനീയ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുകയും ചെയ്തു.

കോൺഗ്രസ് 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച പദ്ധതികളെല്ലാം രാജ്യത്തെ സമസ്തമേഖലകളെയും മാറ്റാനുതകുന്ന ഒട്ടേറെ ആശയങ്ങളടങ്ങിയതായിരുന്നു. ദരിദ്രരായ വലിയ വിഭാഗം ജനങ്ങൾക്ക്‌ പ്രതീക്ഷ നൽകുന്ന ഗരീബി ഹഠാവോ എന്ന മുദ്രാവാക്യവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 1971ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി മുന്നോട്ട് വെച്ച ‌ ഗരീബി ഹഠാവോ രാജീവ് ഗാന്ധിക്ക് ശേഷം രാഹുല്‍ വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ കോടികടക്കിന് മനസ്സുകളില്‍ പ്രതീക്ഷയുടെ നാമ്പ് നല്‍കി. കര്‍ഷകരുടെ കടങ്ങളെല്ലാം എഴുതിതള്ളുമെന്നും വാഗ്ദാനം നല്‍കി. പക്ഷേ  കോൺഗ്രസിന്റെ മാനുഷിക മുഖമാണ് രാഹുൽഗാന്ധിയെങ്കിലും രാഷ്ട്രീയത്തിന്റെ തന്ത്രങ്ങളും കുതന്ത്രങ്ങളും അദ്ദേഹത്തിനിപ്പോഴും വശമില്ലെന്ന് രാഷ്ട്രീയനിരീക്ഷകരുടെ അഭിപ്രായം ഇവിടെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയായിരുന്നു.

മോദി ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തിപ്പോഴെല്ലാം മാധ്യമങ്ങള്‍ ഉള്‍പ്പെടെ രാഹുല്‍ ഗാന്ധിയെ വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്ന അവസ്ഥ ഉണ്ടായിരുന്നു. അദ്ദേഹം അധ്യക്ഷപദം ഒഴിഞ്ഞതിന് ശേഷം കുറച്ച് നാള്‍ പ്രത്യക്ഷപ്രതികണങ്ങളില്‍ നിന്ന് അപ്രത്യക്ഷനായിരുന്നപ്പോഴും പൊതുജനങ്ങളും കോണ്‍ഗ്രസ് വിരുദ്ധരും രാഹുലിനെ നിരന്തരം വേട്ടയാടി. മാധ്യമങ്ങളും അദ്ദേഹത്തെ ഒറ്റപ്പെടുത്തി. സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ അധിക്ഷേപങ്ങള്‍ക്കാണ് രാഹുല്‍ ഗാന്ധി പാത്രമായത്. അമുല്‍ ബേബിയെന്നും പപ്പു മോനെന്നും വിളിച്ച് നിരന്തരം അദ്ദേഹത്തെ പരിഹസിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ അദ്ദേഹത്തിന് വിമര്‍ശകരുണ്ടായി. കഴിവുകെട്ടവനെന്നും ഭരിക്കാനറിയാത്തവനെന്നും പറ‍ഞ്ഞ് ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹത്തെ ആക്ഷേപിച്ചു. വിദേശിയുടെ മകനെവിടെ ദേശസ്നേഹം ഉണ്ടാകാന്‍ എന്ന വാദവുമായി ബിജെപി നേതാക്കളും രംഗത്തെത്തി. ഇങ്ങനെ വിമര്‍ശനങ്ങള്‍ അതിരുവിട്ടപ്പോള്‍ അദ്ദേഹം പലഘട്ടങ്ങളിലും പ്രതികരിക്കാതെ മൗനമായി നിന്നു.

കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി മാറിയതോടെ ബിജെപിയുടെ മുന്നേറ്റനിര ഇതു ഞങ്ങളുടെ ഇരയല്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് പാര്‍ട്ടിയോട് സ്വീകരിച്ചത്. പാര്‍ട്ടിയെ വീണ്ടും ദുര്‍ബലപ്പെടുത്താന്‍ ഓപ്പറേഷന്‍ താമരയുമായി രംഗത്തുവരികയും ചെയ്തു. സച്ചിന്‍പെെലറ്റും അശോക് ഗെഹ്ലോട്ടും തമ്മിലുള്ള അധികാര തര്‍ക്കവും, സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള ഉള്‍പ്പോരുകളും പാര്‍ട്ടിയെ വീണ്ടും തളര്‍ത്തി. കോണ്‍ഗ്രസ് പുനഃസംഘടനയില്‍ മാറ്റംവേണമെന്നും, ശക്തമായ നേതൃനിര ആവശ്യമാണെന്നും ചൂണ്ടികാട്ടി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തെഴുതിയതോടെ പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ പരസ്യമായി മാറുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തതും പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കി.

ഇങ്ങനെ പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേക്ക് കൂപ്പുകുത്തുമ്പോഴാണ് രാഹുല്‍ ഗാന്ധിയിലൂടെയും പ്രിയങ്ക ഗാന്ധിയിലൂടെയും വീണ്ടും കോണ്‍ഗ്രസ് പാര്‍ട്ടി ജനകീയമാകുന്നത്. ശക്തമായ പ്രതിപക്ഷം പോലും ആകാന്‍ കഴിയാത്ത കോണ്‍ഗ്രസില്‍ പൊതുജനങ്ങള്‍ക്ക് വീണ്ടും വിശ്വാസം വരുന്നു. ഹിന്ദുത്വ രാഷ്ട്രം ഉയര്‍ത്തിപ്പിടിക്കുന്ന ബിജെപിക്ക് മുന്നില്‍ പ്രതിപക്ഷ, മതേതര ശബ്ദമാകാന്‍ അഖിലേന്ത്യ തലത്തില്‍ മറ്റൊരു പാര്‍ട്ടിയില്ലാത്തതാണ് അവര്‍ക്ക് വളമാകുന്നത്. അതിന് കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് സാധ്യമായേ തീരു. ഇപ്പോള്‍ തന്നെ നിരന്തരം വിമര്‍ശിച്ചവര്‍ക്ക് മുമ്പില്‍ തന്നിലൊരു വിശ്വാസമുണ്ടാക്കിയെടുക്കാന്‍ രാഹുലിന് സാധിച്ചു.

യുപിയിലെ ഹാഥ് റസില്‍ ക്രൂരമായ ലെെംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ പ്രിയങ്ക ഗാന്ധിയെ കെട്ടിപ്പിടിച്ച് വാവിട്ട് കരഞ്ഞ് പറഞ്ഞത് തന്‍റെ മകള്‍ക്ക് നീതി ഉറപ്പാക്കണമെന്നാണ്. യുപി സര്‍ക്കാരിന്‍റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പിതാവും വ്യക്തമാക്കിയിരുന്നു. ഫാസിസ്റ്റ് ഭരണത്തെ പേടിച്ച് ഭീതിയോടെയാണ് യുപിയിലെ ദളിത് കുടുംബങ്ങള്‍ കഴിയുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതാക്കളുടെ സന്ദര്‍ശനം കോണ്‍ഗ്രസിന് യുപിയില്‍ ഒരു വാതില്‍ തുറക്കുന്നുണ്ട്. നീതി ലഭിക്കുന്നത് വരെ ഞങ്ങള്‍ ഒപ്പമുണ്ടാകുമെന്ന രാഹുല്‍ ഗാന്ധിയുടെ വാക്ക് നീതി ലഭിക്കാത്ത ഓരോ രക്ഷിതാക്കള്‍ക്കും നല്‍കുന്ന ഉറപ്പ് കൂടിയാണ്. ഇന്ദിരാഗാന്ധിയുടെ ‘ബേടി ബച്ചാവോ ബേടി പഠാവോ’ ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് തിരിച്ചുവരണം. രാജ്യത്തെ എല്ലാ പ്രശ്നങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ മുന്നില്‍ നിന്ന് പേരാടിയിട്ടുണ്ട്. കര്‍ഷകര്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളിലെല്ലാം രാഹുല്‍ ഗാന്ധി അണിചേര്‍ന്നിട്ടുണ്ട്. പാവപ്പെട്ടവനും കര്‍ഷകനും മോദി ഒരു സഹായവും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു.

യോഗി ആദിത്യനാഥിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നെന്നും രാഹുലിന്റെയും പ്രിയങ്കയുടേയും പ്രവൃത്തി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുനരുജ്ജീവനത്തെ അടയാളപ്പെടുത്തുമെന്നതില്‍ സംശയമില്ലെന്നും മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം തകർന്നടിഞ്ഞ ഇന്ദിരാഗാന്ധി വൻഭൂരിപക്ഷത്തോടെ തിരിച്ചുവന്ന ചരിത്രവും സ്വാതന്ത്ര്യസമരത്തില്‍ മുഖ്യപങ്ക് വഹിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് പറയാനുണ്ട്.  ‘കോൺഗ്രസ് തോറ്റാലും തിരിച്ചുവരും അതാണീ പാർട്ടിയുടെ രീതി’ എന്ന പല്ലവി അന്വര്‍ത്ഥമായേക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും ബിജെപിയെ എതിർക്കുന്ന വലിയൊരു വിഭാഗവും.

By Binsha Das

Digital Journalist at Woke Malayalam