Fri. Apr 26th, 2024

 

ലോകമെമ്പാടും ഉറ്റുനോക്കുന്ന ഒന്നാണ് നവംബർ മൂന്നിന് നടക്കുന്ന യുഎസ് പ്രെസിഡെൻഷ്യൽ തിരഞ്ഞെടുപ്പ്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വന്‍ ശക്തരെന്ന നിലയില്‍ അറിയപ്പെടുന്ന അമേരിക്കയിൽ കൊവിഡ് മഹാമറിക്കിടയിലും നടക്കുന്ന ഈ തിരഞ്ഞെടുപ്പ് ലോകത്തിന്റെ സാമ്പത്തിക വളർച്ചയെയും നിലനിൽപ്പിനെയും ബാധിക്കുന്നതിനാൽ നിർണായകം തന്നെയാണ്. ഇത് കൂടാതെ രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ലോകജനതയെ ഒന്നാകെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ അമേരിക്കൻ പ്രസിഡന്റിന്റെ തീരുമാനങ്ങൾക്ക് വലിയ പ്രസക്തിയാണുള്ളത്. ഈ ഒരു ഘട്ടത്തിൽ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വീണ്ടും വിജയിക്കുമോ അതോ എതിരാളിയായ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡന്‍ പ്രസിഡന്‍റാകുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. 

ഇപ്പോഴിതാ തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നാൽ ചിലപ്പോൾ രാജ്യം വിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഡോണൾഡ്‌ ട്രംപ്. ജോർജിയയിലെ മക്കോണിൽനടന്ന തിരഞ്ഞെടുപ്പുറാലിയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെ പരിഹസിച്ചുകൊണ്ടാണ് ട്രംപിന്റെ പ്രസ്താവന. ഇത്രയും മോശംസ്ഥാനാർഥിയോട് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയാണെങ്കിൽ രാജ്യം വിടുമെന്നും അമേരിക്കൻ സംസ്കാരത്തോട് പുച്ഛംമാത്രമാണ് ഡെമോക്രാറ്റുകൾക്കെന്നും യുഎസ്സിനെ കമ്യൂണിസ്റ്റ് രാജ്യമാക്കുകയാണ് അവരുടെ ലക്ഷ്യമെന്നുമാണ് ട്രംപ് പറഞ്ഞത്. 

ഇയോവയിലും മിനസോട്ടയിലും ഒഹിയോയിലും ഫ്ളോറിഡയിലും നോർത്ത് കരോലിനയിലും നടന്ന തിരഞ്ഞെടുപ്പ് റാലികളിൽ സമാനമായ പരാമർശങ്ങളാണ് ട്രംപ് നടത്തിയത്. മുൻപ് ഇതേ ട്രംപാണ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും സ്ഥാനമൊഴിയില്ലെന്ന് പറഞ്ഞത്. എന്നാൽ ഈ പരാമർശങ്ങൾ ചേർത്തിണക്കിയ ഒരു വീഡിയോ ട്വീറ്റ് ചെയ്തശേഷം ബൈഡൻ ചോദിച്ചത്  ‘വാക്കു പാലിക്കുമോ’ എന്നാണ്.

https://twitter.com/JoeBiden/status/1317554725596942336

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ആദ്യ ദിവസങ്ങളിൽ ഡോണൾഡ് ട്രംപിന് അൽപ്പം മുന്നേറ്റം ഉണ്ടായിരുന്നെങ്കിലും സമീപകാലത്ത് നടന്ന സർവേകളിലെല്ലാം ട്രംപ്, ബൈഡനേക്കാൾ ഏറെ പിന്നിലാണ്. അതിന്റെ കാരണങ്ങളും പകൽ പോലെ വ്യക്തമാണ്. 

കൊവിഡിനെ നേരിടുന്ന ട്രംപിൻറെ രീതിയെ പത്തിൽ എട്ട് അമേരിക്കക്കാരും തുടക്കം മുതൽ തന്നെ വിമർശിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകരടക്കം മുന്നറിയിപ്പ് നല്‍കിയിട്ടും കൊവിഡ് 19 വ്യാപനത്തിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനങ്ങളിലോ റാലികളിലോ മറ്റ് പൊതുയോഗങ്ങളിലോ ഒന്നും മാസ്ക് ധരിക്കാൻ ട്രംപ് തയ്യാറായിരുന്നില്ല. താൻ മാസ്ക് ധരിക്കില്ലെന്ന് തുറന്ന് പറയുകയും ചെയ്തു. പിന്നീട് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 32 ലക്ഷം കടന്നപ്പോഴാണ് ട്രംപിന് കാര്യത്തിന്റെ ഗൗരവം മനസിലായത്. 

ഇത് കൂടാതെ സമ്പദ് വ്യവസ്ഥയുടെ തളർച്ച, തൊഴിലില്ലായ്മ, വംശീയവെറി, ലൈംഗികാതിക്രമ ആരോപണം ഇവയെല്ലാം കാര്യമായി ട്രംപിന്റെ വോട്ടുകളെ ബാധിക്കും. 1970 -2013 കാലഘട്ടത്തിനിടയിൽ മാത്രം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലൈംഗിക ദുരുപയോഗം നടത്തിയതായി 22 ലധികം സ്ത്രീകൾ ആരോപിച്ചിട്ടുണ്ട്. എന്നാൽ ഇതൊക്കെ നുണയാണെന്നാണ് ട്രംപിന്റെ വാദം. പരസ്യമായി സ്ത്രീവിരുദ്ധത പറയുന്നതിലും പ്രകടിപ്പിക്കുന്നതിലും മുൻപന്തിയിൽ തന്നെയാണ് ട്രംപ്. ഇംപീച്ച്മെന്‍റിൽ നിന്ന് രക്ഷപ്പെട്ട ട്രംപ് എതിരാളിയും യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറുമായ നാൻസി പെലോസിയുടെ ഹസ്തദാനം നിഷേധിച്ചതോടെ അവർ വേദിയിൽ വെച്ച് പ്രസിഡന്‍റിന്‍റെ പ്രസംഗത്തിനിടെ എഴുന്നേറ്റ് നിന്ന്‌ പ്രസംഗത്തിന്‍റെ പകർപ്പ് രണ്ടായി വലിച്ച് കീറിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു.

ഇത് കൂടാതെ സൊമാലി-അമേരിക്കൻ വംശജയും ഡെമോക്രാറ്റിക് പാർട്ടി കോൺഗ്രസ് പ്രതിനിധിയുമായ ഇൽഹാൻ ഒമറിനുനേരെ ട്രംപ് നടത്തിയ വംശീയപരാമർശം വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്

അങ്ങനെയുള്ള ട്രംപിന് സർവേകളിൽ വോട്ട് കുറഞ്ഞതിൽ അത്ഭുതമില്ല. എന്നാൽ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ തോൽവി പ്രതീക്ഷിക്കാവുന്ന ഒന്നല്ല. കാരണം എതിരാളിയായ ജോ ബൈഡനുമുണ്ട് കുറച്ച് ചരിത്രങ്ങൾ. കുടിയേറ്റ വിഷയങ്ങളിൽ ട്രംപ് നിലപാട് കടുപ്പിക്കുമ്പോൾ  അധികാരത്തിലേറിയാൽ 11  ദശലക്ഷം ആളുകൾക്ക് പൗരത്വം ലഭ്യമാക്കുന്ന ബിൽ അവതരിപ്പിക്കുമെന്നാണ് ബൈഡൻ പറയുന്നത്. കൊവിഡ് പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും സമ്പദ് വ്യവസ്ഥ പുനർനിർമ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഉറപ്പ് നൽകി.

ട്രംപിന്റെ കാര്യം പറഞ്ഞതുപോലെ ലൈംഗികാതിക്രമ ആരോപണങ്ങളിൽ ഒട്ടും പുറകിലല്ല എഴുപത്തി ഏഴ് കാരനായ ബൈഡനും. തങ്ങളെ ലൈംഗികമായി ശല്യപ്പെടുത്തിയതായും ലൈംഗികാസക്തി പ്രകടിപ്പിക്കുന്ന വിധത്തില്‍ പെരുമാറിയതായും കുറ്റപ്പെടുത്തി അര ഡസനോളം സ്ത്രീകളാണ് മുന്നോട്ടുവന്നിട്ടുള്ളത്. പക്ഷെ ട്രംപിനെ പോലെ പാടെ നിഷേധിക്കുകയല്ല ബൈഡൻ ചെയ്യുന്നത് അന്വേഷണം നടത്തണമെന്നും സത്യാവസ്ഥ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെടാറുണ്ട്. അതെ ജോ ബൈഡന്റെ റണ്ണിങ് മേറ്റാകാൻ ഒരുങ്ങുന്നതാകട്ടെ ഒരു സ്ത്രീയാണ്. അമേരിക്കകാര്‍ക്ക് പുറമെ ഇന്ത്യന്‍ വംശജർക്കും നിര്‍ണായക സ്വാധീനം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ കാരണവും അതാണ്. ജോ ബൈഡൻ തന്റെ റണ്ണിങ് മേറ്റ് ആയി കമലാ ഹാരിസ് എന്ന കാലിഫോർണിയയിൽ നിന്നുള്ള സെനറ്ററെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. കമലാ ഹാരിസ് ജനിച്ചതും വളർന്നതും അമേരിക്കയിൽ ആണെങ്കിലും ‘അമ്മ ശ്യാമള ഗോപാലൻ ജനിച്ചത് അവിഭക്ത ഇന്ത്യയിലെ മദ്രാസ് പ്രെസിഡെൻസിയിൽ ആയിരുന്നു. അച്ഛനാകട്ടെ ജമൈക്കൻ വംശജനാണ്.

കാലിഫോർണിയൻ പ്രൈമറികളിൽ അമേരിക്കൻ പ്രസിഡന്റാകാനുള്ള ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ കമലയുടെ പേരും ഉയർന്നു വന്നിരുന്നു. കമല മത്സരിക്കാനും തയ്യാറായി. എന്നാൽ  ആ കാമ്പെയ്ൻ അധികം മുന്നോട്ട് പോകാത്തതിനാൽ  കമല തന്റെ നോമിനേഷൻ പിൻവലിക്കുകയായിരുന്നു. ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ പ്രതിഷേധങ്ങൾക്ക് ശേഷം ട്രംപ് വിരുദ്ധ വികാരം അലയടിച്ച അമേരിക്കയിൽ ഒരുപാട് വംശീയ വിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുള്ള ബൈഡന് ബ്ലാക്ക് വംശീയ പശ്ചാത്തലം അവകാശപ്പെടാൻ കഴിയുന്ന കമല ഹാരിസിനോപ്പം ചേരുന്നത് ഗുണം ചെയ്യുമെന്നത് ഉറപ്പാണ്. നല്ലൊരു ഡിബേറ്റർ ആയ കമല ഹാരിസിന്റെ സാന്നിധ്യം  ട്രംപിന്റെ അക്രമാസക്തമായ സംവാദ ശൈലിയെ ചെറുത്തുനിൽക്കാനും ബൈഡനെ സഹായിച്ചേക്കാം. 

തിര‍ഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രസിഡൻഷ്യൽ സംവാദങ്ങൾ പൊതുവേ അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ നിർണായകസ്വാധീനങ്ങളിലൊന്നാണ്. ട്രംപ് കൊവിഡ് പോസിറ്റീവായിരുന്നതിനാൽ ഒക്ടോബർ 15ന് നടക്കേണ്ട രണ്ടാം സംവാദം റദ്ദാക്കേണ്ടി വന്നു. വിർച്വൽ രീതിയിൽ സംവാദത്തിന് ട്രംപ് തയ്യാറായതുമില്ല. 

നാല് വർഷങ്ങൾക്ക് ശേഷം നടക്കുന്ന, മാസങ്ങൾ നീണ്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബറോടെ അവസാനിക്കും. ജനുവരിയിൽ പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേൽക്കും. നവംബർ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം ട്രംപിന് നാട് വിടേണ്ടി വരുമോ എന്നത് കണ്ടറിയേണ്ടത് തന്നെയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam