Sun. Dec 22nd, 2024
ന്യൂഡൽഹി:

ഹാഥ്‌രസ്സിൽ നടന്ന ഭീകരമായ സംഭവത്തിൽ രാജ്യത്തെ ജനങ്ങൾ ദുഃഖിതരാണെന്നും ക്രോധാകുലരാണെന്നും കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പറഞ്ഞു. ‘ഹാഥ്‌രസ്സിലെ നിർഭയ’മരിച്ചതല്ല, മറിച്ച് ക്രൂരരും വിവേകശൂന്യരുമായ സർക്കാരും അതിന്റെ ഭരണകൂടവും അവളെ കൊല്ലുകയാണ് ചെയ്തതെന്ന് സോണിയ പറഞ്ഞു.

ഈ അനീതിക്കെതിരെ രാജ്യം സംസാരിക്കുമെന്നും രാജ്യം ഭിന്നിപ്പിക്കാനും ഭരണഘടന ലംഘിക്കാനും ബിജെപിയെ അനുവദിക്കില്ലെന്നും ഒരു വീഡിയോ സന്ദേശത്തിൽ അവർ പറഞ്ഞു.

“ഈ സംഭവം നമ്മുടെ സമൂഹത്തെ ബാധിക്കുന്ന ഒന്നാണ്. ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നത് ഒരു പെൺകുട്ടിയാകുന്നത് പാപമാണോ? ഒരു ദരിദ്രന്റെ മകളാകുന്നത് കുറ്റകരമാണോ? യുപി സർക്കാർ എന്തു ചെയ്യുകയായിരുന്നു? ആഴ്ചകളോളം നീതിയ്ക്കു വേണ്ടിയുള്ള ആ കുടുംബത്തിന്റെ നിലവിളി കേട്ടില്ല. മുഴുവൻ പ്രശ്നവും ഒളിപ്പിക്കാനുുള്ള ശ്രമം നടന്നു. പെൺകുട്ടിക്ക് യഥാസമയം ശരിയായ ചികിത്സ നൽകിയില്ല. ഇന്ന്, ഒരു മകൾ നമ്മുടെ ഇടയിൽ നിന്ന് പോയി. ഹാഥ്‌രസ്സിലെ നിർഭയ മരിച്ചതല്ല. അവളെ കൊന്നതാണ്. വിവേകശൂന്യരായ സർക്കാർ അതിന്റെ ഭരണകൂടം, ഉത്തർപ്രദേശ് സർക്കാർ, എന്നിവർ മൂലം കൊല്ലപ്പെട്ടതാണെന്നും ഞാൻ പറയുന്നു,” സോണിയ പറഞ്ഞു.

“അവൾ ജീവിച്ചിരുന്നപ്പോൾ അവൾക്ക് പറയാനുള്ളത് കേട്ടില്ല. അവൾക്ക് സുരക്ഷ ലഭിച്ചില്ല. മരണത്തിനുശേഷവും അവൾക്ക് ലഭിക്കേണ്ട ന്യായം ലഭിച്ചില്ല. അവളെ അവളുടെ കുടുംബത്തിനു വിട്ടുകൊടുത്തില്ല. വിലപിക്കുന്ന ഒരമ്മയ്ക്ക് തന്റെ മകളെ അവസാനമായിട്ട് യാത്രയയ്ക്കാനുള്ള അനുമതി നൽകിയില്ല. ഇത് ക്രൂരമാണ്.

പിടിവലി നടത്തി അവളെ ദഹിപ്പിച്ചുകളഞ്ഞു. മരണത്തിനു ശേഷവും മനുഷ്യന്റെ അന്തസ്സ് നിലനിക്കണം. നമ്മുടെ ഹിന്ദു സംസ്കാരത്തിലും അതേക്കുറിച്ച് പറയുന്നുണ്ട്. പക്ഷേ, ആ കുട്ടിയെ അനാഥയെപ്പോലെ പോലീസിന്റെ ശക്തിയിൽ കത്തിച്ചുകളഞ്ഞു. ഇത് എന്ത് ന്യായമാണ്? ഇത് എന്ത് സർക്കാരാണ്? നിങ്ങൾക്ക് തോന്നുന്നുണ്ടോ നിങ്ങൾ എന്തുവേണമെങ്കിലും ചെയ്യുമെന്നും, രാജ്യം അതുകണ്ടിരിക്കുമെന്നും? തീർച്ചയായും ഇല്ല. രാജ്യം സംസാരിക്കും. നിങ്ങളുടെ അന്യായത്തിനെതിരെ.” സോണിയ തുടർന്നു പറഞ്ഞു.

“ഞാൻ, കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിച്ച്, ഹാഥ്‌രസ്സിലെ ദുഃഖിതരായ കുടുംബത്തിന് നീതി ആവശ്യപ്പെടുന്നു, ഭാരതം എല്ലാവരുടേയും നാടാണ്. ഇവിടെ എല്ലാവർക്കും അഭിമാനത്തോടെ ജീവിക്കാനുള്ള അധികാരം ഉണ്ട്. ഭരണഘടന നമുക്ക് ഈ അധികാരം തന്നിട്ടുണ്ട്. ദേശത്തേയും ഭരണഘടനയേയും തകർക്കാൻ നാം ബിജെപിയെ അനുവദിയ്ക്കില്ല. ജയ് ഹിന്ദ്.” സോണിയ വീഡിയോ സന്ദേശത്തിന്റെ അവസാനത്തിൽ പറഞ്ഞു.

Video Credit: The Quint