ന്യൂഡൽഹി:
ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 60,74,703 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 82,170 പേർക്കാണ് പുതിയതായി കൊവിഡ് പോസിറ്റീവായത്. 1,039 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ 95542 പേരാണ് കൊവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്.
മഹാരാഷ്ട്ര തന്നെയാണ് ഇപ്പോഴും കൊവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്. മഹാരാഷ്ട്രയിൽ 2,73, 646 രോഗികളുണ്ട്. 35,571 പേർ കൊവിഡ് മൂലം മരണപ്പെട്ടു. കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലാണ്.
കർണ്ണാടകയിൽ 1,04,743 കൊവിഡ് രോഗികളുണ്ട്. 8582 പേർ കൊവിഡ് മൂലം മരിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ 64876 കൊവിഡ് രോഗികളുണ്ട്. ഇതുവരെ 5708 രോഗികൾ മരണപ്പെട്ടു.
ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കുപ്രകാരം ഇന്ത്യയിൽ ഇതുവരെ 7,19,67,230 കൊവിഡ് 19 സാമ്പിളുകൾ പരിശോധന നടത്തിയിട്ടുണ്ട്.