Thu. Mar 28th, 2024
തിരുവനന്തപുരം:

 
കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മൂലം ഇരുപത് പേരാണ് ഇന്നു മരിച്ചത്. കോഴിക്കോടാണ് ഇന്ന് രോഗബാധിതർ കൂടുതലുള്ളത്.

എറണാകുളം 537, മലപ്പുറം 405, കോഴിക്കോട് 918, തിരുവനന്തപുരം 486, കൊല്ലം 341, ആലപ്പുഴ 249, തൃശൂര്‍ 383, കണ്ണൂര്‍ 310, പാലക്കാട് 378, കോട്ടയം 213, പത്തനംതിട്ട 38, കാസര്‍ഗോഡ് 122, ഇടുക്കി 114, വയനാട് 44 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത രോഗികളുടെ എണ്ണം 249 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 166 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

കർശനനടപടികളിലേക്ക് നീങ്ങേണ്ട സമയം അതിക്രമിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും, സാമൂഹിക അകലം നടപ്പിലാക്കാത്ത കട ഉടമകൾക്കെതിരെയും നടപടിയെടുക്കും. കട അടച്ചിടേണ്ടി വരും. വിവാഹങ്ങൾക്ക് 50 പേരേ പങ്കെടുക്കാവൂ. ശവദാഹത്തിൽ 20 പേരും.

അവലോകനത്തിന് ഫലം നേരത്തെയെടുത്തതുകൊണ്ടാണ് രോഗികളുടെ എണ്ണത്തിൽ കുറവ് കാണുന്നതെന്നും, സംസ്ഥാനം വലിയ തോതിലുള്ള കൊവിഡ് വ്യാപനത്തിന്റെ ആശങ്കയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.