Mon. Dec 23rd, 2024

കർഷകരുടെയും പ്രതിപക്ഷത്തിൻ്റെയും എതിർപ്പുകൾക്കിടെ രണ്ട് കാർഷിക ബില്ലുകൾ ലോക്സഭയും രാജ്യസഭയും പാസാക്കി. ഘടകകക്ഷിയായ ശിരോമണി അകാലി ദളിൻ്റെ എതിർപ്പോ മന്ത്രി ഹർസിമ്രത് കൗറിന്‍റെ രാജിയോ ഒന്നും ഒരു പുനർചിന്തനത്തിന് കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചില്ല.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക ഓർഡിസൻസുകൾക്കും പാർലമെൻ്റിൽ അവതരിപ്പിച്ച ബില്ലുകൾക്കുമെതിരെ രാജ്യമെങ്ങും വീണ്ടും കര്‍ഷകരുടെ രോഷം അണപൊട്ടുകയാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വിളകള്‍ക്ക് ന്യായമായ വില പോലും ലഭിക്കാതെ, വാഗ്ദാനങ്ങളെല്ലാം കടലാസില്‍ ഒതുങ്ങിയപ്പോള്‍ കടബാധ്യത പെരുകി എത്രയോ കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. വിശപ്പും ദാഹവും മറന്ന് നടന്ന് കാലുകള്‍ വിണ്ടുകീറി ചോര ഒലിച്ചിറങ്ങിയിട്ടും പതിനായിരകണക്കിന് കര്‍ഷകര്‍ കാല്‍നടയായി നടത്തിയ ലോങ് മാര്‍ച്ചിന്‍റെ ചിത്രം ഇന്നും നമ്മുടെ മനസ്സില്‍ മായാതെ ഉണ്ട്. ഈ കൊവിഡ് മഹാമാരിയുടെ കാലത്തും നിലനില്‍പ്പിന് വേണ്ടി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധാഗ്നി എരിയുകയാണ്.

കാര്‍ഷിക ബില്ലിനെതിരെ എന്തുകൊണ്ട് പ്രതിഷേധം?

കാര്‍ഷിക മേഖലയില്‍ പരിഷ്കരണം അവകാശപ്പെട്ട് മോദിസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് ബില്ലുകള്‍ക്കെതിരെയാണ് കര്‍ഷക രോഷം കത്തിപ്പടരുന്നത്. കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020, അവശ്യ സാധന നിയമഭേദഗതി ബില്‍ 2020 എന്നിവയാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്. കര്‍ഷകരുടെ ഉന്നമനത്തിനും അഭിവൃദ്ധിക്കും വേണ്ടിയാണ് പുതിയ ബില്ലുകള്‍ പാസാക്കുന്നതെന്നായിരുന്നു കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ലോക്സഭയില്‍ പറഞ്ഞത്.

കാര്‍ഷിക രംഗത്ത് സമൂലമായ മാറ്റം കൊണ്ടുവരുന്ന ചരിത്രപരമായ ബില്ലുകളാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടത്. ‘ഒരു രാജ്യം ഒരു കാര്‍ഷിക വിപണി’ എന്ന ലക്ഷ്യത്തിൽ ഊന്നുന്നതാണല്ലോ ഈ ബില്ലുകള്‍. അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മികച്ച വിലയില്‍ രാജ്യത്തെവിടെയും ഇടനിലക്കാരില്ലാതെ വില്‍ക്കാമെന്നും മോദി പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കര്‍ഷകര്‍ക്ക് ഇത്തരത്തില്‍ സ്വാതന്ത്ര്യം ലഭിക്കുന്നത് ഇത് ആദ്യമായിട്ടാണെന്നും ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

പക്ഷേ, കര്‍ഷകര്‍ക്ക് വേണ്ടി എന്തോ മഹാകാര്യം ചെയ്തുവെന്ന് അവകാശപ്പെടുന്ന എന്‍ഡിഎയുടെ മൂന്ന് ഓര്‍ഡിനന്‍സുകള്‍ക്കെതിരെ ജൂണ്‍ മാസം മുതല്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകര്‍, കാര്‍ഷിക രംഗത്തെ പരിഷ്കരണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആത്മനിര്‍ഭര്‍ഭാരത് പദ്ധതിയുടെ ഭാഗമായി ജൂണില്‍ ഇറക്കിയ ഒര്‍ഡിനന്‍സിനെതിരെ അന്നുമുതല്‍ തന്നെ തെരുവിലറങ്ങിയരുന്നു. എന്നാല്‍, ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് കര്‍ഷകരെ മറയാക്കി കോര്‍പറേറ്റുകള്‍ക്ക് കാർഷിക ഉത്പാദന മേഖലയിലും വിപണിയിലും തഴച്ചു വളരാൻ വളം നൽകുന്നതാണ് ഈ ബില്ലുകള്‍ എന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു.

ബില്‍ രാജ്യസഭയും പാസാക്കി

ബില്ലുകള്‍ ലോക്സഭയില്‍ അവതരിപ്പിച്ചപ്പോഴായിരുന്നു സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചത്. രാജ്യസഭയിലും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ അവതരിപ്പിച്ച ബിൽ എതിർപ്പുകളോടെ പാസാക്കപ്പെട്ടു. കാര്‍ഷിക വിപണന നിയന്ത്രണം എടുത്തുകളയുന്ന ബില്ലും, കരാര്‍ കൃഷി അനുവദിക്കുന്ന ബില്ലും അവതരിപ്പിച്ചപ്പോള്‍ വലിയ ചര്‍ച്ചയാണ് സഭയില്‍ നടന്നത്. കാര്‍ഷിക രംഗത്തെ പരിഷ്കരണത്തിനുള്ള ചരിത്രപരമായ ബില്ലുകള്‍ ആണിതെന്നും, കര്‍ഷകര്‍ക്ക് ഇത് പുതുജീവന്‍ നല്‍കുമെന്നുമുള്ള അതേ പല്ലവി തോമര്‍ ഇവിടെയും ആവര്‍ത്തിച്ചു.

എന്നാല്‍, കാര്‍ഷിക ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു ചര്‍ച്ചയില്‍ മുഴങ്ങികേട്ട അഭിപ്രായം. ബിജു ജനതാദള്‍ (ബിജെഡി), ലോക്താന്ത്രിക് ജനതാദളുമാണ് (എല്‍ജെഡി) ഈ ആവശ്യം മുന്നോട്ട് വെച്ചത്. കര്‍ഷകര്‍ക്ക് ഏറെ ആശങ്കയുളവാക്കുന്ന ബില്ലുകളാണ് ഇതെന്നും, ബില്ലില്‍ പരിശോധന വേണമെന്നുമായിരുന്നു ബിജെഡിയുടെ ആവശ്യം. ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് എംവി ശ്രേയാംസ്കുമാര്‍ എപിയും വ്യക്തമാക്കി. പക്ഷേ ബില്‍ പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ട് ശബ്ദ വോട്ടോടുകൂടിയാണ് ബില്ലുകള്‍ പാസാക്കിയത്.

കാര്‍ഷിക ബില്ല് കര്‍ഷകരുടെ മരണവാറണ്ടാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.  താങ്ങുവില എടുത്ത് കളയില്ലെന്ന് കൃഷിമന്ത്രി ആവര്‍ത്തിക്കുമ്പോഴും ഇത് എടുത്ത് കളയുകയണ് ലക്ഷ്യമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. വിവാദമായ കാര്‍ഷിക ബില്ലുകള്‍ ചര്‍ച്ചചെയ്യുന്നതിനിടെ നാടകീയ രംഗങ്ങള്‍ക്കാണ് സഭ വേദിയായത്. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയാന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി മൈക്ക് തകര്‍ക്കുകയും പേപ്പറുകള്‍ വലിച്ചുകീറുകയും ചെയ്തു. പിന്നീട് നടുത്തളത്തിലിറങ്ങി മറ്റു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇതിനിടെ അംഗങ്ങള്‍ ബില്ലുകളുടെ പകര്‍പ്പ് വലിച്ചുകീറുകയും ചെയ്തു. എന്നാല്‍, ഈ പ്രതിഷേധങ്ങളൊന്നും വകവെയ്ക്കാതെ ബില്‍ പാസാക്കുകയായിരുന്നു.

കാര്‍ഷിക ബില്‍ കര്‍ഷകരെ ബാധിക്കുന്നതെങ്ങനെ?

അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റികളുടെ ( എപിഎംസി) നേതൃത്വത്തിലുള്ള പ്രാദേശിക വിപണികള്‍ക്ക് പുറത്ത് വിപണനം നടത്താന്‍ അനുമതി നല്‍കുന്ന നിയമഭേദഗതിക്കെതിരെയാണ് കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്നത്. ഇന്ത്യയിലെവിടെയും ഏറ്റവും നല്ല വില കിട്ടുന്ന വിപണിയില്‍ കര്‍ഷകന് തങ്ങളുടെ ഉത്പ്പന്നം വില്‍ക്കാനുള്ള അവസരമാണിതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നത്. ഇത്രയും സദുദ്ദേശമാണ് ബില്ലിനെങ്കില്‍ പിന്നെയെന്തിനാണ് കര്‍ഷകര്‍ ഇതിനെ എതിര്‍ക്കുന്നതെന്നായിരിക്കും പലരും ചിന്തിക്കുന്നത്. പക്ഷേ കര്‍ഷകരെ ഇത് വിപരീതമായി തന്നെയാണ് ബാധിക്കുന്നതെന്നതാണ് വാസ്തവം.

എ.പി.എം.സി​ ആക്​ടിന്‍റെ പിന്‍ബലത്തിലാണ് ചെറുകിട-ഇടത്തരം കച്ചവടക്കാര്‍ വിപണിയില്‍ ഇതുവരെ പിടിച്ചുനിന്നത്. നിയമത്തിന്‍റെ ബലത്തില്‍ നിയന്ത്രിത മാര്‍ക്കറ്റില്‍ ഇടനിലക്കാരുമായി വിലപേശാന്‍ കര്‍ഷകര്‍ക്ക് സാധിച്ചിരുന്നു. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ സംസ്ഥാനസര്‍ക്കാരിനെ സമീപിക്കാം എന്ന ആശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ എപിഎംസിക്കു പുറത്ത് വിപണനം സാധ്യമാകുമ്പോള്‍ പ്രദേശിക ഭരണകൂടങ്ങളുടെയും, സംസ്ഥാനസര്‍ക്കാരിന്‍റെയും നിയന്ത്രണം പൂര്‍ണമായും ഇല്ലാതാകും. പ്രശ്നപരിഹാരത്തിനായി കേന്ദ്രസര്‍ക്കാരിനെ മാത്രം ആശ്രയിക്കേണ്ട സ്ഥിതിവിശേഷമാണ് സംജാതമാകുന്നത്. മാത്രമല്ല പരമ്പരാഗത ഗ്രാമച്ചന്ത (മണ്ഡി) സംവിധാനത്തെ തകര്‍ത്തെറിഞ്ഞ് വന്‍കിട റീട്ടെയില്‍ ശൃംഖലകള്‍ക്ക് മാര്‍ക്കറ്റ് അടക്കിവാഴാനുള്ള അവസരവും, പാവപ്പെട്ട കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടാനുള്ള അവസരവുമാണ് ബില്ലിലൂടെ ലഭിക്കുന്നത്. ഇതുതന്നെയാണ് കര്‍ഷക സംഘടനകള്‍ ഉയര്‍ത്തുന്ന പ്രധാന പ്രശ്നവും. മാത്രമല്ല കൃഷി കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി സര്‍ക്കാര്‍ തടിതപ്പുന്നതോടെ  ഉല്‍പ്പന്നങ്ങളുടെ മിനിമം താങ്ങുവില റദ്ദാക്കപ്പെടുമെന്നും കര്‍ഷകര്‍ ഭയക്കുന്നുണ്ട്. താങ്ങുവില തുടർന്നും നൽകുമെന്ന് വാഗ്ദാനം നൽകുമ്പോഴും ബില്ലിൽ എവിടെയും അതിന് വ്യവസ്ഥകളില്ല.

കമ്പനികളുമായി കരാര്‍ കൃഷിയിലേര്‍പ്പെടാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കുന്ന കരാര്‍ കൃഷി നിയമവും കോര്‍പറേറ്റുകള്‍ക്കാണ് ഗുണം ചെയ്യുന്നത്. കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലെയും കര്‍ഷകരെ ഇത് പ്രതികൂലമായി ബാധിക്കും. കോര്‍പ്പറേറ്റുകള്‍ക്ക് കര്‍ഷകരെ ചൂഷണം ചെയ്യാന്‍ അവസരം ലഭിക്കുമെന്ന അഭിപ്രായമുയര്‍ത്തി കരാര്‍ കൃഷി ഒര്‍ഡിനന്‍സിനെതിരെ കേരളസര്‍ക്കാര്‍ രംഗത്തും വന്നിരുന്നു. കര്‍ഷകന്‍ സ്വന്തം കൃഷിഭൂമിയും, സേവനങ്ങളും കമ്പനികള്‍ക്ക് വിട്ടുനല്‍കി പ്രതിഫലം മാത്രം കെെപ്പറ്റുന്ന രീതിയും ഈ നിയമത്തോടെ നിലവിൽ വരും. ഇത് കര്‍ഷകന്‍റെ കൃഷിഭൂമി കോര്‍പറേറ്റു കമ്പനികളുടെ നിയന്ത്രണത്തിലാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല, ഗുണമേന്‍മ സംബന്ധിച്ച് തര്‍ക്കമുണ്ടായാല്‍ കര്‍ഷകന് അര്‍ഹിക്കുന്ന ഉയര്‍ന്നവില ലഭിക്കണമെന്നുമില്ല. സംസ്ഥാന സര്‍ക്കാരിനെയും സാധാരണ  കര്‍ഷകന് സമീപിക്കാന്‍ കഴിയില്ല.

1955ലെ അവശ്യവസ്തുനിയമ ഭേദഗതിയും കര്‍ഷകന് തിരിച്ചടിയാണ്. ഭക്ഷ്യസംസ്കരണത്തിനും കയറ്റുമതിക്കുമായി കാര്‍ഷികോത്പന്നങ്ങള്‍ നിയന്ത്രണമില്ലാതെ സംഭരിച്ചു സൂക്ഷിച്ചുവെയ്ക്കുന്നതിനുവേണ്ടിയാണ് അവശ്യവസ്തു നിയമം ഭേദഗതി ചെയ്യുന്നത്. കൂടുതല്‍ സംഭരണശേഷിയുള്ള കോര്‍പറേറ്റുകളുമായി സാധാരണ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല. സംഭരണത്തിന് പരിധിയില്ലാതാവുന്നതോടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയന്ത്രണവും, മേല്‍നോട്ട അധികാരവും പൂര്‍ണമായി നഷ്ടപ്പെടും. കോര്‍പറേറ്റുകള്‍ വിതരണ ശൃംഖലയും വിപണിയും നിയന്ത്രിക്കുന്ന സ്ഥിതി ഉണ്ടാകും. ചെറുകിട- ഇടത്തരം കര്‍ഷകര്‍ക്ക് പിന്നെ ആരോട് പരാതിപ്പെടാന്‍ കഴിയും. ഈ കോര്‍പറേറ്റുകളെ ആര്‍ക്ക് മൂക്കുകയറിടാന്‍ സാധിക്കും.

ശിരോമണി അകാലിദളിന്‍റെ പിന്മാറ്റം

കേന്ദ്രസര്‍ക്കാര്‍ ജൂണില്‍ ഓര്‍ഡിനന്‍സ് ഇറക്കിയപ്പോള്‍ പിന്തുണച്ച പഞ്ചാബിലെ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍( എസ്എഡി) പെട്ടന്ന് കൂറുമാറിയത് പഞ്ചാബിലെ കര്‍ഷകരുടെ വോട്ട് ബാങ്ക് നഷ്ടപ്പെടും എന്ന സ്ഥിതി വന്നപ്പോഴാണ്. ഹരിയാനയിലെ കര്‍ഷകരും ബില്ലിനോടിടഞ്ഞപ്പോഴാണ് എന്‍ഡിഎയുടെ ഹരിയാനയിലെ ഘടകകക്ഷിയായ ജനനായക് ജനതാ പാര്‍ട്ടിയും ( ജെ.ജെ.പി) ബില്ലിനെ എതിര്‍ത്തത്. ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്തിലുള്ള ജെജെപിയുടെ പിന്‍ബലത്തിലാണ് എന്‍ഡിഎ ഹരിയാനയില്‍ വേരുറപ്പിച്ചിരിക്കുന്നത്. പഞ്ചാബിലും എന്‍ഡിഎയ്ക്ക് കരുത്ത് എസ്എഡി ആണ്. കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിന്‍റെ രാജി കര്‍ഷകരെ പ്രീതിപ്പെടുത്തുമെങ്കിലും എന്‍ഡിഎ സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്‍കിയാല്‍ എസ്എഡിയുടെ വോട്ട്ബാങ്ക് തകരും.

കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലും ഈ വിവാദ ബില്ലുകള്‍ പാസാക്കിയതോടെ ശക്തമായ പ്രതിഷേധപരിപാടികള്‍ക്കായിരിക്കും വരും ദിവസങ്ങളില്‍ രാജ്യം സാക്ഷ്യം വഹിക്കുക. ബില്ലുകള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഉത്തര്‍പ്രദേശിലെയും, പഞ്ചാബിലെയും, ഹരിയാനയിലെയും കര്‍ഷക സംഘടനകള്‍ ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു.  ഇരുന്നൂറോളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ അഖിലേന്ത്യ കിസാന്‍ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 25ന് രാജ്യവ്യാപകമായി ബന്ദും പ്രതിഷേധവും നടത്തും. എടുത്തു പറയേണ്ട കാര്യം ആര്‍എസ്എസിന്‍റെ കീഴിലുള്ള ഭാരതീയ കിസാന്‍ സംഘും ബില്ലില്‍ അതൃപ്തരാണ്.

കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും വിള ഇൻഷുറൻസ് ഉറപ്പുവരുത്തുമെന്നും കർഷക ആത്മഹത്യകൾക്ക് അന്ത്യമിടുമെന്നും തുടങ്ങി ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍, നാളിതുവരെ ദുരിതമല്ലാതെ കര്‍ഷകര്‍ക്ക് ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഒരു കിലോ ഉള്ളിക്കും, വഴുതനങ്ങയ്ക്കും ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്ക് 50 പെെസ പോലും ലഭിക്കുന്ന സ്ഥിതി വിശേഷം ഉണ്ടായപ്പോള്‍ ഇത്രയും വര്‍ഷത്തിനിടയില്‍ പതിനായിരകണക്കിന് കര്‍ഷകരാണ് ഒരു മുഴം കയറില്‍ ജീവന്‍ ഒടുക്കിയത്. ഇപ്പോള്‍ കര്‍ഷകദ്രോഹബില്ലുകള്‍ പാസാക്കി കര്‍ഷകരെ സ്വതന്ത്രരാക്കി വിടുകയാണെന്ന് അവകാശപ്പെടുപ്പോള്‍ കോര്‍പറേറ്റുകളില്‍  നിന്ന് കര്‍ഷകര്‍ക്ക് ആര് സംരക്ഷണം നല്‍കും എന്ന് കൂടി മോദിസര്‍ക്കാര്‍ വ്യക്തമാക്കേണ്ടതാണ്.

By Binsha Das

Digital Journalist at Woke Malayalam