Thu. Jan 23rd, 2025
കോഴിക്കോട്:

സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായ മന്ത്രി കെടി ജലീൽ മതഗ്രന്ഥം മറയാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്ന രൂക്ഷ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം ചന്ദ്രിക. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇടതുപക്ഷവും സിപിഎമ്മും ഉൾപ്പെട്ട ഊരാക്കുടുക്കിൽ നിന്നും രക്ഷപ്പെടാനുള്ള പതിനെട്ടാമത്തെ അടവാണ് ഖുർആൻ വിവാദമെന്ന് ചന്ദ്രികയുടെ മുഖപത്രത്തിൽ പറയുന്നു.

ദേശാഭിമാനിയിൽ ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതിയ ലേഖനം വീണു കിട്ടിയ അധികാരം നിലനിർത്താനും നാല് വോട്ട് പിടിക്കാനും വേണ്ടിയുള്ള അവസാനത്തെ അടവ് മാത്രമാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. കള്ളക്കടത്ത് കേസിൽ കസ്റ്റംസ് കേസെടുക്കുകയും എൻഐഎയും എൻഫോഴ്സ്മെൻ്റും ചോദ്യം ചെയ്തിട്ടും കെടി ജലീൽ രാജിവയ്ക്കാത്തത് പുഴുത്തു നാറിയ അധികാരമോഹം കൊണ്ടു മാത്രമാണെന്നും ഏഴ് മാസം കൂടി മന്ത്രിക്കസേരയിലിരിക്കാൻ എത്രവേണമെങ്കിലും തരം താഴും ജലീലെന്നും ലീ​ഗ് മുഖപത്രം വിമർശിക്കുന്നു.

സ്വർണ്ണക്കടത്തിൽ പിടിക്കപ്പെട്ട സ്വപ്ന സുരേഷിനെയും എം ശിവശങ്കറിനെയും ആദ്യം  സംരക്ഷിക്കാൻ ശ്രമിക്കുകയും പിന്നീട് തള്ളിപ്പറയുകയും ചെയ്ത സർക്കാർ ഇപ്പോൾ ജലീലിന് വേണ്ടി പഴി കേൾക്കുകയാണ്. ഈ വിവാദങ്ങളിലേക്ക് ഖുർ ആനെ വലിച്ചിഴക്കാൻ മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നത് കൗതുകകരമാണ്. യുഡിഎഫും അതിൻ്റെ നേതാക്കളും മുസ്ലീംലീ​ഗും ഖു‍ർ ആനെതെരിയാണ് എന്ന് സ്ഥാപിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

 

By Arya MR