ന്യൂഡല്‍ഹി:
കാര്‍ഷികോല്‍പന്നങ്ങള്‍ക്കു ന്യായ വില ലഭിക്കുന്ന ബില്ലാണ് പാര്‍ലമെന്റ് പാസാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക ബില്ലുകളെപ്പറ്റി തെറ്റായ വിവരങ്ങളാണ് പ്രചരിക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അരിയും ഗോതമ്പും സര്‍ക്കാര്‍ ഏജന്‍സികള്‍ കര്‍ഷകരില്‍ നിന്ന് സംഭരിക്കില്ലെന്ന പ്രചാരണവും തെറ്റാണ്. ഇത് പച്ചക്കള്ളമാണെന്നും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. ബീഹാറില്‍ നിര്‍മിച്ച റെയില്‍വേ പാലം രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ സംസാരിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്.
ബില്ലുകളുമായി ബന്ധപ്പെട്ട് വലിയ കര്‍ഷക പ്രതിഷേധം നടക്കുകയും, കര്‍ഷക വിരുദ്ധ ബില്ലുകളെ പിന്തുണക്കാന്‍ കഴിയില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ രാജിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.