Thu. Mar 28th, 2024

ഡൽഹി:

ഇന്ത്യൻ പേസർ എസ് ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ന് അവസാനിച്ചു. തിങ്കളാഴ്ച മുതൽ താരത്തിന് വീണ്ടും കളിക്കളത്തിലേക്ക് ഇറങ്ങാം. ക്രിക്കറ്റിൽ നിന്നുള്ള താരത്തിൻെറ 7 വർഷത്തെ വിലക്കാണ് ഇന്ന് അവസാനിച്ചത്. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം നിലവിൽ ഇന്ത്യയിലെ പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങളെല്ലാം നിർത്തി വെച്ചിരിക്കുകയാണ്. അതിനാൽ തന്നെ വളരെ പെട്ടെന്ന് തന്നെ ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ താരത്തിന് സാധിക്കില്ല.

“എനിക്ക് വീണ്ടും കളിക്കാൻ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. ഇത് വലിയ ആശ്വസമാണ്. ഇപ്പോഴുള്ള മാനസികാവസ്ഥ മറ്റാർക്കെങ്കിലും മനസ്സിലാവുമെന്ന് തോന്നുന്നില്ല. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം എനിക്ക് മുന്നിൽ കളിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ രാജ്യത്തെവിടെയും കളിക്കാൻ പറ്റില്ലെന്ന അവസ്ഥയാണ്” ശ്രീശാന്ത് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. കൊച്ചിയിൽ ഒരു പ്രാദേശിക ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിക്കാൻ താൻ ആഗ്രഹിച്ചിരുന്നതായും താരം പറഞ്ഞു.

ഒത്തുകളി ആരോപണത്തെ തുടർന്ന് 2013ലാണ് ബിസിസിഐ താരത്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്നത്. 211 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള ശ്രീശാന്ത് 2007ൽ ടി20യിലും 2011ൽ ഏകദിനത്തിലും ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗമായിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam