തിരുവനന്തപുരം:
മന്ത്രി കെടി ജലീലിനെ പുറത്താക്കുന്നതില്‍ മുഖ്യമന്ത്രി എന്തിന് വിമുഖത കാട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തുകാരുമായി ചങ്ങാത്തമുളള കെടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമാണോ എന്ന് ജനങ്ങള്‍ ചോദിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഒന്നും ഒളിക്കാനില്ലായിരുന്നുവെങ്കില്‍ എന്തുകൊണ്ടാണ് ജലീല്‍ ആരും കാണാതെ ചോദ്യം ചെയ്യലിന് ഹാജരായതെന്നും ചെന്നിത്തല ചോദിക്കുന്നു. ജലീലിന്‍റെ കെെകള്‍ പരിശുദ്ധമാണെങ്കില്‍ എന്തുകൊണ്ട് ചോദ്യം ചെയ്ത കാര്യം ഒളിച്ചുവെച്ചു. സോളാര്‍കമ്മീഷന്‍ ഉമ്മന്‍ ചാണ്ടിയെ ചോദ്യം ചെയ്തതുമായി ജലീലിനെ ചോദ്യം ചെയ്തതിനെ താരതമ്യം ചെയ്യേണ്ടതില്ല. ഉമ്മന്‍ചാണ്ടി ഒളിച്ചും പതുങ്ങിയുമല്ല പോയതെന്നും അദ്ദേഹം പറഞ്ഞു.
ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് സംസ്ഥാനത്തിന് നാണക്കേടായെന്നും പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു. ഒരു മന്ത്രിയെ ഇ.ഡി ചോദ്യം ചെയ്യുന്നത് സംസ്ഥാന ചരിത്രത്തിലാദ്യമാണ്. ജലീല്‍ കുറ്റം ചെയ്തുവെന്നാണ് പൊതുസമൂഹം വിശ്വസിക്കുന്നത്. നല്ല ഒരു അഴിമതിക്കാരനായത് കൊണ്ടാണോ ജലീലിനോട് മുഖ്യമന്ത്രിക്ക് ഇത്ര താല്‍പര്യമെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. തീവെട്ടിക്കൊളളയും ദേശവിരുദ്ധപ്രവര്‍ത്തനവും നടത്തുന്ന മന്ത്രിസഭ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.