തിരുവനന്തപുരം:
പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും മാതാപിതാക്കള്‍ സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കിയേക്കും. സര്‍ക്കാരിന്‍റെ അപ്പീലില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.
ഇന്നലെ വെെകുന്നേരമാണ് സംസ്ഥാനസര്‍ക്കാരിന്‍റെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ജി പ്രകാശ് സുപ്രീംകോടതി രജിസ്ട്രിയില്‍ ഈ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കേസില്‍ ക്രെെംബ്രാഞ്ചിന്‍റെ കുറ്റപത്രം ഹെെക്കോടതി റദ്ദാക്കിയിരുന്നില്ല. കുറ്റപത്രത്തില്‍ ധാരളം പിഴവുകള്‍ ഉണ്ടെന്ന് കുടുംബം ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍, ഇത് തന്നെയാണ് സര്‍ക്കാര്‍ പ്രധാനമായും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നത്. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസാണ്, അതില്‍ ഒരു സിബിഐ അന്വേഷണം ഇനി ആവശ്യമുണ്ടോയെന്നാണ് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ചോദിക്കുന്ന ചോദ്യം.
അതേസമയം, പെരിയ ഇരട്ടക്കൊലപാതക കേസിന്റെ രേഖകൾ സിബിഐക്ക് കൈമാറാത്തതിന് എതിരായ കോടതി അലക്ഷ്യ ഹർജി ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിൽ ഭേദഗതി വരുത്തി ഡിവിഷൻ ബെഞ്ച് പുതിയ ഉത്തരവ് ഇറക്കിയ സാഹചര്യത്തിൽ സിംഗിൾ ബെഞ്ചിന് ഹർജി പരിഗണിക്കാൻ കഴിയില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.