Fri. Apr 26th, 2024

തിരുവനന്തപുരം:

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിൽ അഞ്ച് പേരെ കൂടി എൻഐഎ പ്രതി ചേർത്തു. ഇതോടെ എൻഐ കേസിലെ പ്രതികളുടെ എണ്ണം 30 ആയി. കുന്ദമംഗലം സ്വദേശി മുസ്തഫ, ഐക്കരപടി സ്വദേശി അബ്ദുൾ അസീസ്, കൊയമ്പത്തൂർ സ്വദേശി നന്ദു, തലശ്ശേരി സ്വദേശി രാജു, കോഴിക്കോട് പാലകുറ്റി സ്വദേശി മുഹമ്മദ് ഷമീർ എന്നിവരെയാണ് പ്രതിപ്പട്ടികയിൽ ചേർത്തത്. കള്ളക്കടത്തിന് ഇടനിലക്കാരായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ വിവിധ ഇടങ്ങളിൽ എൻഐഎ ഇന്ന് പരിശോധന നടത്തി.

അതേസമയം സ്വർണ്ണക്കടത്ത് കേസിലെ 25ാം പ്രതിയും കോഴിക്കോട്ടെ ജ്വല്ലറി ഉടമയുമായ ഷംസുദ്ദീൻ കേസിലെ മുഖ്യ കണ്ണിയെന്ന്‌ എൻഐഎ സംഘം കോടതിയെ അറിയിച്ചു. ഷംസുദീൻ കോടതിയിൽ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ എതിർത്താണ് എൻഐഎ നിലപാട് വ്യക്തമാക്കിയത്. പ്രതിയുടെ അറസ്റ്റ് അനിവാര്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നും എൻഐഎ ചൂണ്ടിക്കാട്ടി. വിമാനത്താവവളങ്ങൾ വഴി സ്വർണം കടത്തിയ കേസിന്റെ ഗൂഢാലോചന ഷംസുദ്ദിന്‍റെ അറിവോടെയാണെന്നാണ് വ്യക്തമാക്കിയത്.

By Athira Sreekumar

Digital Journalist at Woke Malayalam