Sat. Nov 23rd, 2024

തിരുവനന്തപുരം:

ഹോമിയോ മരുന്ന് വിവാദത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ശെെലജ. അശാസ്ത്രീയമായത് ചെയ്യാന്‍ ഒരിക്കലും പ്രേരിപ്പിക്കില്ലെന്നും മന്ത്രി പറ‍ഞ്ഞു.  പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന  മരുന്നുകള്‍ ഹോമിയോ ആയുർവേദത്തില്‍ ഉണ്ടെന്നാണ് പഠനത്തെ ഉദ്ധരിച്ച് വ്യക്തമാക്കിയത്. പ്രതിരോധ ശേഷി കൂട്ടുന്ന മരുന്നുണ്ടെങ്കില്‍ അത് നല്‍കിക്കൊള്ളാനാണ് പറഞ്ഞതെന്നും അല്ലാതെ കൊവിഡ് ചികിത്സിക്കാനല്ല പറഞ്ഞതെന്നും  മന്ത്രി വ്യക്തമാക്കി. കൊവിഡ് ചികിത്സയ്ക്ക് ആശ്രയിച്ചത് അലോപ്പതി മേഖലയെ തന്നെയാണെന്നും മന്ത്രി വ്യക്തമാക്കി.

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് രോഗം കുറയുന്നുവെന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പരാമര്‍ശമത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇന്നലെ രംഗത്തുവന്നിരുന്നു. മന്ത്രിയുടെ അവകാശവാദങ്ങള്‍ ശാസ്ത്രവിരുദ്ധമെന്നും, അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഐഎംഎ പറ‍ഞ്ഞിരുന്നു.

കോഴിക്കോട് സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. പത്തനംതിട്ട ഹോമിയോപതി ഡിഎംഒ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഹോമിയോ പ്രതിരോധമരുന്ന് കഴിച്ചവരില്‍ കുറച്ച് പേര്‍ മാത്രമേ വൈറസ് ബാധിതരായിട്ടുള്ളു. കൂടാതെ രോഗബാധിതരായവര്‍ക്ക് രോഗം വളരെ വേഗം ഭേദപ്പെട്ടെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്ളതിനാല്‍ സംസ്ഥാനത്ത് ഹോമിയോ മരുന്ന് കൊവിഡ് പ്രതിരോധത്തന് ഉപയോഗിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനിടെ, ആരോഗ്യമന്ത്രിയെ പിന്തുണച്ച് ഹോമിയോ മെഡിക്കല്‍ അസോസിയേഷനും രംഗത്തെത്തിയിരുന്നു. ഹോമിയോ മരുന്ന് കഴിച്ചാല്‍ പ്രതിരോധ ശേഷി ലഭിക്കുമെന്നും, ഇത് തെളിഞ്ഞിട്ടുണ്ടെന്നും അസോസിയേഷന്‍ അവകാശപ്പെട്ടിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam