Fri. Dec 27th, 2024

പട്ന:

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ബിജെപി രാഷ്ട്രീയവത്കരിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്സ് രംഗത്ത്. ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളിലേക്ക് ചോദ്യം ഉയരാതിരിക്കാന്‍ സുശാന്ത് സിംഗിന്‍റെ മരണത്തെ ഉപയോഗിക്കുകയാണ് ബിജെപി. നിലവാരം കുറഞ്ഞ രാഷ്ട്രീയമാണ് ഇതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിൽ ആരോപിച്ചു.

തൊഴിലില്ലായ്മയും പ്രളയക്കെടുതിയുമെല്ലാം ബിഹാറിനെ അലട്ടുമ്പോള്‍ സുശാന്തിന്‍റെ മരണം രാഷ്ട്രീയവല്‍ക്കരിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ്സ് പറയുന്നു. സുശാന്തിന്‍റെ മരണത്തില്‍ സിബിഐ പക്ഷം ചേരാതെ അന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസ് നേതാവ് അദിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. കേസിലെ രാഷ്ട്രീയ വശങ്ങള്‍ പരിഗണിക്കാതെയാവണം അന്വേഷണമെന്നും ചൗധരി പറഞ്ഞു. നിലവില്‍ മാധ്യമ വിചാരണ പുരോഗമിക്കുന്ന നടന്‍റെ മരണത്തില്‍ സിബിഐയ്ക്കും അവരുടെ മുതലാളിമാര്‍ക്കും നിഗൂഡത വളരെയധികം സമയം വേണ്ടി വരുമെന്നും ചൗധരി ആക്ഷേപിച്ചു.

By Arya MR