Fri. Nov 22nd, 2024

തിരുവനന്തപുരം:

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് രോഗം കുറയുന്നുവെന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പരാമര്‍ശമത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. മന്ത്രിയുടെ അവകാശവാദങ്ങള്‍ ശാസ്ത്രവിരുദ്ധമെന്നും, അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഐഎംഎ പറഞ്ഞു.

കോഴിക്കോട് സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. പത്തനംതിട്ട ഹോമിയോപതി ഡി.എം.ഒ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഹോമിയോ പ്രതിരോധമരുന്ന് കഴിച്ചവരില്‍ കുറച്ച് പേര്‍ മാത്രമേ വൈറസ് ബാധിതരായിട്ടുള്ളു. കൂടാതെ രോഗബാധിതരായവര്‍ക്ക് രോഗം വളരെ വേഗം ഭേദപ്പെട്ടെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്ളതിനാല്‍ സംസ്ഥാനത്ത് ഹോമിയോ മരുന്ന് കൊവിഡ് പ്രതിരോധത്തന് ഉപയോഗിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയെ തള്ളി ഐഎംഎ രംഗത്തെത്തിയത്.

അതേസമയം, ആരോഗ്യമന്ത്രിയെ പിന്തുണച്ച് ഹോമിയോ മെഡിക്കല്‍ അസോസിയേഷനും രംഗത്തെത്തി. ഹോമിയോ മരുന്ന് കഴിച്ചാല്‍ പ്രതിരോധ ശേഷി ലഭിക്കുമെന്നും, ഇത് തെളിഞ്ഞിട്ടുണ്ടെന്നും അസോസിയേഷന്‍ അവകാശപ്പെട്ടു.

By Binsha Das

Digital Journalist at Woke Malayalam