Sat. Nov 23rd, 2024

കൊച്ചി:

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വർണകടത്ത് കേസിലെ ആറ് പ്രതികളെ ജയിലിലെത്തി കസ്റ്റംസിന് ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് കസ്റ്റംസിന്‍റെ അപേക്ഷ പരിഗണിച്ചത്.  സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ കെ ടി റമീസിനെ കൂടാതെ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, ഹംജദ് അലി, സെയ്ത് അലവി, അബ്ദു പി ടി, ഹംസത്ത് അബ്ദുസലാം എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതികൾക്ക് ബന്ധമുണ്ടോയെന്നാണ് കസ്റ്റംസ് പ്രധാനമായും പരിശോധിക്കുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന്റെ ഫോണിൽ സ്വർണക്കടത്ത് കേസിലെ പ്രതിയുടെ ഫോൺ നമ്പറുണ്ടായിരുന്നുവെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് കസ്റ്റംസിന്‍റെ നീക്കം.

By Binsha Das

Digital Journalist at Woke Malayalam