Sat. Apr 20th, 2024
മലപ്പുറം:

മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയായി ഇടി മുഹമ്മദ് ബഷീറിന് താത്കാലിക ചുമതല നൽകി. ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം കുഞ്ഞാലിക്കുട്ടി എം.പി രാജിവെക്കും. കുഞ്ഞാലിക്കുട്ടിക്ക് മുസ്‌ലിംലീഗ് തെരഞ്ഞെടുപ്പ് ചുമതല നൽകിയ സാഹചര്യത്തിലാണ് നടപടി. മുസ്‌ലിംലീഗ് ദേശീയ കമ്മറ്റി കൂടിയതിനു ശേഷമാകും പ്രഖ്യാപനം ഉണ്ടാകുക.

അതേസമയം പാർട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിന് പുറത്ത് മറ്റ് പാർട്ടികളുമായി രാഷ്ട്രീയ സഖ്യമില്ല. നീക്കുപോക്കുകൾ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള തദ്ദേശ തെരഞ്ഞെടുപ്പും ലീഗ് നേരിടുക കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലായിരിക്കും. കുഞ്ഞാലിക്കുട്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധ്യതയുണ്ട്.

ഉപതെരഞ്ഞെടുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്, അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയുടെ പൂര്‍ണ്ണ ചുമതലയാണ് മുസ്‌ലിംലീഗ് കുഞ്ഞാലിക്കുട്ടിയെ ഏല്‍പ്പിച്ചിരിക്കുന്നത്. ഭരണം പിടിക്കാന്‍ മുന്നണിയെ ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.