പത്തനംതിട്ട:
ആറന്മുളയിൽ കൊവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലക്കേസ് പ്രതി എങ്ങനെ ആംബുലൻസ് ഡ്രൈവർ ആയെന്നും ആര് നിയോഗിച്ചുവെന്നും അന്വേഷിക്കണം. രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ഡ്രൈവർ മാത്രം ഉണ്ടായത് സംശയാസ്പതമാണ്. ആംബുലൻസിൽ പോലും രോഗികൾക്ക് പീഡനം എൽക്കേണ്ട സാഹചര്യമാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണം. കുറ്റക്കാർക്ക് എതിരെ നടപടി ഉണ്ടാവണമെന്നും സർക്കാരും ആരോഗ്യ വകുപ്പും ഉത്തരം പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളം മയക്കുമരുന്ന് മാഫിയയുടെ പിടിയിലാണ്. അത് അന്വേഷണിക്കേണ്ടെന്ന് പറയുന്ന സര്‍ക്കാര്‍ നിലപാട് മാഫിയകളെ സഹായിക്കുന്നതാണ്. അന്വേഷിച്ചാല്‍ പാര്‍ട്ടി സെക്രട്ടറിയും മകനും കുടുങ്ങും. അതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കാത്തത്. മയക്കുമരുന്ന് വ്യാപനം തടയാന്‍ ശക്തമായ അന്വേഷണം ആവശ്യപ്പെടുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ഈ മാസം എട്ടിന് യുഡിഎഫ് യോഗം വെര്‍ച്വലായി ചേരും. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ തീരുമാനം എട്ടാം തിയ്യതിയിലെ യുഡിഎഫ് യോഗത്തിലുണ്ടാകും. ജോസ് കെ മാണിയെ യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടെന്ന തീരുമാനത്തില്‍ മാറ്റമുണ്ടായിട്ടില്ല. മുന്നണി മര്യാദ പാലിക്കാത്തവരെ എങ്ങനെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്നും ചെന്നിത്തല ചോദിച്ചു.