Wed. Apr 24th, 2024

ഡൽഹി:

രാജ്യത്ത് അതിതീവ്രമായി കൊറോണ ബാധ പടരുന്നു. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നും റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് രോഗികളുടെ എണ്ണം 90,000 പിന്നിട്ടതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. ഇന്നലെ മാത്രം 90,633 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,065 പേർ മരിക്കുകയും ചെയ്തു.

ഇന്നത്തെ കണക്കുകൾ പ്രകാരം ഇതുവരെ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 41,13,812 എന്ന നിലയിലെത്തി. 70,626 പേരാണ് രോഗ ബാധിതരായി ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 1,065 പേർക്കാണ് ജീവൻ നഷ്ടമായത്.

മരണനിരക്കിന്റെ ദേശീയ ശരാശരി 1.72 ആയി താഴ്ന്നു. 8,62,320 ആക്ടീവ് കേസുകളാണ് ഇപ്പോൾ രാജ്യത്തുള്ളത്. ഇതുവരെ 31,80,866 പേർ രോഗമുക്തരായി മാറി. തീവ്രകൊവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

ആഗോളതലത്തിൽ കൂടുതൽ പുതിയ രോഗികൾ റിപ്പോർട്ട് ചെയ്യുന്നതും ഇന്ത്യയിലാണ്. കൂടുതൽ രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ള യുഎസിൽ 64,31,152 പേർക്ക് രോഗം സ്ഥിരീകരിച്ചു. 41,23,000 പേർക്കാണ് ബ്രസീലിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 73, 642 പേർക്ക് കൊവിഡ് ഭേദമായി.