Wed. Jan 22nd, 2025

ന്യൂഡല്‍ഹി:

കൊവിഡ് ഭീതിക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ ജെഇഇ മെയിന്‍ പരീക്ഷകള്‍ ആരംഭിച്ചു. ഇന്ന് മുതല്‍ സെപ്തംബർ 6 വരെയുള്ള ദിവസങ്ങളിലാണ് രാജ്യത്തെ ഐഐടികൾ ഉൾപ്പെടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള പൊതു പ്രവേശന പരീക്ഷകൾ നടക്കുക. 605 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതുന്നത് എട്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍.

സംസ്ഥാനത്ത് 13 പരീക്ഷ കേന്ദ്രളുണ്ട്. കര്‍ശനമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരീക്ഷ. മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളുടെ വിപുലമായ പട്ടിക കഴിഞ്ഞയാഴ്ച ദേശീയ ടെസ്റ്റിംഗ് ഏജൻസി പുറത്തിറക്കിയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള നീറ്റ് പരീക്ഷ സെപ്തംബർ 13 നും നടത്തും.

കൊവിഡ് പ്രതിസന്ധിക്കിടയില്‍ ജെഇഇ-നീറ്റ് പരീക്ഷകള്‍ നടത്തന്നതിനെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരന്തരം വിമര്‍ശിച്ചിരുന്നു. ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങള്‍ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. എന്നാല്‍, വിദ്യാർത്ഥികളുടെ കരിയർ നശിപ്പിക്കാനാകില്ല എന്ന് ചൂണ്ടിക്കാട്ടികൊണ്ടായിരുന്നു നീറ്റ് പരീക്ഷയും ജെഇഇ പ്രവേശന പരീക്ഷയും മാറ്റിവയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

നീറ്റ് പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും സുപ്രീം കോടതിയിൽ ഹർജിസമർപ്പിച്ചിരുന്നതാണ്. എന്നാൽ, നീറ്റ് സെപ്റ്റംബർ 13ന് തന്നെ നടത്തണമെന്നും അല്ലാത്തപക്ഷം വിദ്യാർത്ഥികളുടെ ഒരു വർഷം പോകുമെന്നും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ ധരിപ്പിച്ചതിനെത്തുടർന്ന് വിദ്യാർത്ഥികളുടെ ഹർജി തള്ളുകയായിരുന്നു.

അതേസമയം, കൊവിഡ് മഹാമാരിക്കിടയിലും നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നുള്ള നിരന്തരമായ സമ്മർദ്ദം മൂലമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നേരത്തെ പറഞ്ഞിരുന്നു. പരീക്ഷ നീളുന്നതിൽ വിദ്യാർത്ഥികൾ പരിഭ്രാന്തരായിരുന്നു. ജെഇഇ പരീക്ഷയ്ക്കായി അഡ്മിറ്റ് കാർഡ് ഇതിനോടകം ഡൗൺലോഡ് ചെയ്ത 80 ശതമാനം വിദ്യാർത്ഥികളും പരീക്ഷ എഴുതുമെന്നും കേന്ദ്രമന്ത്രി ഡിഡി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam