ന്യൂഡല്‍ഹി:
ലാവലിന്‍ കേസ് വീണ്ടും ജസ്റ്റിസ് രമണയുടെ ബെഞ്ചിലേക്ക്. ജസ്റ്റിസ് ലളിതിന്‍റെ ബെഞ്ചാണ് കേസ് മാറ്റിയത്. 2017 മുതല്‍ ജസ്റ്റിസ് രമണയാണ് കേസ് കേള്‍ക്കുന്നതെന്ന് ജസ്റ്റിസ് ലളിത് വ്യക്തമാക്കി. എന്തുകൊണ്ടാണ് തങ്ങളുടെ ബെഞ്ചിന് മുന്നില്‍ കേസ് ലിസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്നും ലളിത് പറഞ്ഞു.
പിണറായി വിജയനെ കുറ്റവിമുക്‌തനാക്കിയതിനെതിരെ സിബിഐ നൽകിയ അപ്പീല്‍ ഇന്ന് പരിഗണിക്കാനിരിക്കെയാണ് വീണ്ടും ബെഞ്ച് മാറിയത്. ജസ്റ്റിസ് വിനീത് സരൺ ആണ് ബഞ്ചിലെ മറ്റൊരു അംഗം. നേരത്തെ ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. ഓഗസ്റ്റ് 27 നാണ് ലാവലിൻ കേസിന്റെ ബഞ്ച് മാറ്റിയത്. നേരത്തെ, 18 തവണയായിരുന്നു ജസ്റ്റിസ് രമണയുടെ ബെഞ്ചില്‍ നിന്ന് കേസ് മാറ്റിയത്.
2017 ഓഗസ്റ്റിലാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്. പിണറായിക്ക് പുറമേ മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതും സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. പിണറായി ഉള്‍പ്പെടെയുളളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.