Wed. Nov 6th, 2024

കൊച്ചി:

കൊച്ചി മെട്രോ സര്‍വീസ് പുനഃരാരംഭിക്കുന്നു. സെപ്റ്റംബര്‍ ഏഴു മുതല്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്ന് കെഎംആര്‍എല്‍. അറിയിച്ചു. ആദ്യ ഘട്ടത്തില്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ടു മണിവരെ ഇരുപത് മിനിറ്റ് ഇടവേളയിലാണ് മെട്രോ സര്‍വീസ് നടത്തുക. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വീസ്.

എല്ലാ സ്റ്റേഷനുകളിലും 20 സെക്കന്റ് നിര്‍ത്തിയിടും. എയര്‍ കണ്ടീഷന്‍ സംവിധാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ കോച്ചുകള്‍ക്കുള്ളില്‍ വായു സഞ്ചാരം ക്രമീകരിക്കാനാണിത്. ആലുവയിലും തൈക്കൂട്ടത്തും യാത്ര അവസാനിപ്പിക്കുന്ന മെട്രൊ ട്രെയിനുകള്‍ അവിടെ നിന്ന് ഉടന്‍ യാത്രക്കാരുമായി അടുത്ത സര്‍വീസ് തുടങ്ങുന്ന പതിവ് തല്‍ക്കാലമുണ്ടാകില്ല.

പകരം, അഞ്ച് മിനിറ്റ് നിര്‍ത്തിയിട്ട് മുഴുവന്‍ വാതിലുകളും തുറന്നിടും. അതിനു ശേഷമേ യാത്ര പുറപ്പെടുകയുള്ളു. ആലുവയില്‍ നിന്നും തൈക്കൂടത്ത് നിന്നുമുള്ള അവസാന ട്രിപ്പ് രാത്രി എട്ട് മണിക്ക് പുറപ്പെടും. സാമൂഹിക അകലം പാലിച്ച് യാത്രക്കാര്‍ക്ക് ഇരിക്കുന്നതിനുള്ള സ്ഥലങ്ങള്‍ ട്രെയിനുള്ളില്‍ രേഖപ്പെടുത്തിയതായി കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. ലോക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 23 മുതലാണ് മെട്രൊ സര്‍വീസ് നിര്‍ത്തി വച്ചത്.

 

By Binsha Das

Digital Journalist at Woke Malayalam