Wed. Jan 22nd, 2025

തിരുവനന്തപുരം:

നിയമസഭയിൽ തെറി മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെറി വിളിക്കുന്നത് യുഡിഎഫ് സംസ്ക്കാരമല്ലെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു. ആരാണ് തെറി വിളിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. സ്വന്തം ശീലം വച്ചാണ് മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഓരോ കള്ളവും പ്രതിപക്ഷം കയ്യോടെ പിടിക്കുമ്പോള്‍, കള്ളനെ കയ്യോടെ പിടിച്ചപ്പോള്‍ ഉള്ള ജാള്യതയാണ് പിണറായി വിജയനുള്ളത്. എട്ട് ആരോപണങ്ങള്‍ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒന്നിന് പോലും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

സ്വര്‍ണക്കടത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ മീന്‍ വളര്‍ത്തലിനെ കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നത്. മൂന്നേ മുക്കാല്‍ മണിക്കൂര്‍ നേരത്തെ പ്രസംഗം വെറും നോക്കി വായിക്കല്‍ മാത്രമായി മാറിയെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

താന്‍ ഓട് പൊളിച്ച് പ്രതിപക്ഷ നേതാവായ ആളല്ലെന്നും ഫയലുകള്‍ ചോദിച്ചാല്‍ തരേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കള്ളികള്‍ കൂടുതല്‍ പുറത്താവുമെന്ന് അറിയാവുന്നത് കൊണ്ടാണ് ആവശ്യപ്പെടുന്ന ഫയലുകള്‍ തരാത്തത്. സര്‍വത്ര അഴിമതിയാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

By Binsha Das

Digital Journalist at Woke Malayalam