തിരുവനന്തപുരം:
സെക്രട്ടേറിയറ്റിലെ തീപിടിത്തം അട്ടിമറിയാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള ഫയലുകള്‍ നശിപ്പിക്കാനുള്ള ശ്രമം നടന്നു. കത്തി നശിച്ച ഫയലുകളിൽ ചിലതിന് ബാക്ക്അപ്പ് ഫയലുകൾ ഇല്ല. തീ പിടുത്തത്തിന്റെ മറവിൽ പല ഫയലുകളും കടത്തുകയും ചെയ്തുവെന്നും ചെന്നിത്തല ആരോപിച്ചു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു യുഡിഎഫ് സമരം. കുഴപ്പമുണ്ടാക്കിയത് പൊലീസാണ്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ചെന്നിത്തല പ്രതികരിച്ചു.
ചീഫ് സെക്രട്ടറി ചീഫ് സെക്യൂരിറ്റി ഓഫിസറാണോ എന്നും ചെന്നിത്തല ചോദിച്ചു. സംഭവത്തിൽ ചീഫ് സെക്രട്ടറി അന്വേഷണം മതിയാകില്ലെന്നും എൻഐഎ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അതേസമയം, സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിൽ അട്ടിമറിയില്ലെന്ന നിഗമനത്തിൽ ആണ് അഗ്നിശമനസേന. ഫാനിലെ ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും