തിരുവനന്തപുരം:
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തെ അടിച്ചമർത്താനാണ് സ്പീക്കർ ശ്രമിക്കുന്നത്. സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടുവന്നതിന്റെ പ്രതികാരമാണ് അദ്ദേഹം ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സഭയിൽ ഇന്നലെ സ്പീക്കർ തനിക്ക് അധികമായി അനുവദിച്ചത് 20 മിനിറ്റ് മാത്രമാണ്. മുഖ്യമന്ത്രിക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന സ്പീക്കറെയാണ് ഇന്നലെ കണ്ടത്. ഇത് എന്ത് അനീതിയാണെന്ന് സ്പീക്കറോട് ചോദിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സ്പീക്കർക്കെതിരായ പോരാട്ടം തുടരും. നാളെ സഭ കൂടിയാലും സ്പീക്കറെ നീക്കണമെന്ന പ്രമേയം കൊണ്ടു വരാം. എന്ത് ചെയ്യണമെന്ന് യുഡിഎഫ് തീരുമാനിക്കും. നാളെ ഒരു സ്പീക്കറും കള്ളക്കടത്തുകാരുടെ സഹായിയാവരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോടിയെന്ന് ചെന്നിത്തല ആരോപിച്ചു. എട്ടോളം അഴിമതി ആരോപണങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. അതിലൊന്നിലും മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. ഗവർണറുടെ പ്രസംഗം പോലെ മുഖ്യമന്ത്രി എഴുതി വായിക്കുകയായിരുന്നു. എന്തൊരു ബോറൻ പ്രസംഗമായിരുന്നു അതെന്നും ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.