Fri. Mar 29th, 2024

തിരുവനന്തപുരം:

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിയെയും പ്രകാശന്‍ തമ്പിയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ സിബിഐ തീരുമാനിച്ചു. ഇതിനുള്ള അനുമതി തേടി കോടതിയെ സമീപിക്കും. കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലുകള്‍ക്ക് അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് സിബിഐ.

അപകട സ്ഥലത്ത് ആദ്യം എത്തിയത് താനാണെന്നും അപകട സ്ഥലത്ത് തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്തിലെ പ്രതികളിൽ ചിലരെ കണ്ടിരുന്നുവെന്നും അ‌വര്‍ വാഹനം വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു എന്നുമുള്ള വിവരങ്ങളാണ് കലാഭവന്‍ സോബി സിബിഐയോട് പറഞ്ഞത്. തുടര്‍ന്ന് കലാഭവന്‍ സോബിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി സിബിഐ തെളിവെടുപ്പ് നടത്തി. വിശദമായ മൊഴിയുമെടുത്തു.

എന്നാല്‍ സിബിഐയുടെ പരിശോധനയില്‍ സോബിയുടെ വെളിപ്പെടുത്തൽ അടിസ്ഥാനരഹിതമാണെന്നാണ് നിഗമനം. ഇതിന്റെ ഭാഗമായി അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള വീട്ടുകാരുടെ മൊഴി സിബിഐ എടുത്തിരുന്നു.വീട്ടുകാരാണ് അപകടം നടന്ന സ്ഥലത്തേക്ക് ആദ്യമെത്തുന്നത്. അപകടമാണ് സംഭവിച്ചതെന്നും പുറത്തു നിന്നുള്ളവരുടെ ഇടപെടല്‍ അതിലില്ല എന്നുമാണ് സിബിഐ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്.

ബാലഭാസ്‌കറിന്റെ മാനേജരും തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതിയുമായ പ്രകാശ് തമ്പിയെയും കഴിഞ്ഞ ദിവസം സിബിഐ വിശദമായി ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ബാലഭാസ്‌കറും ഡ്രൈവറും കടയിൽക്കയറി ജ്യൂസ് കുടിച്ചിരുന്നു. എന്നാല്‍ അപകടത്തിന് ശേഷം ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ജ്യൂസ് കടയില്‍ നിന്ന് പ്രകാശൻതമ്പി ശേഖരിച്ചു എന്നതാണ് ഇയാളെ സംശയമുനയില്‍ നിര്‍ത്തിയത്.