ന്യൂഡല്‍ഹി:
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ലോകത്ത് തന്നെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നിലാണ്. 24 മണിക്കൂറിനിടെ 60,975 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 32 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് 848 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 58,390 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയിലും ആന്ധ്രയിലുമാണ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത്. മഹാരാഷ്ട്രയില്‍ 11,015 പേര്‍ രോഗ ബാധിതരായി. ആന്ധ്രയില്‍ 8,601 പേര്‍ക്കും തമിഴ്നാട്ടിൽ 5967 പേർക്കും രോഗം സ്ഥിരീകരിച്ചു. കർണാടകയിൽ 5851 പേരാണ് ഇന്നലെ രോഗബാധിതരായത്.
അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി 60,000 കടക്കുന്ന സാഹചര്യത്തില്‍ ലോകത്ത് തന്നെ കൊവിഡ് ഏറ്റവും മോശമായി ബാധിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ അമേരിക്ക കഴിഞ്ഞാല്‍ ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. ഒരു മാസത്തിനുള്ളില്‍ ഇന്ത്യ ബ്രസീലിനെ മറികടന്ന് രണ്ടാംസ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന.