Fri. Apr 19th, 2024

ന്യൂഡെല്‍ഹി:
ഡെല്‍ഹിയില്‍ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും മദ്യം നല്‍കാന്‍ അനുമതി നല്‍കും. ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയയാണ് മദ്യം നല്‍കാന്‍ വേണ്ട അനുമതി നല്‍കണമെന്ന് സംസ്ഥാന എക്സൈസ് വകുപ്പിനോട് നിര്‍ദ്ദേശിച്ചത്. ലോക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച് ബാറുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം.

ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ജൂണ്‍ എട്ട് മുതല്‍ ഹോട്ടലുകളും റസ്റ്റോറന്‍റുകളും തുറന്നെങ്കിലും ബാറുകള്‍ തുറക്കാന്‍ അനുമതിയില്ല. ലോക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ബാറുകള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും അസം, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ക്ലബുകളിലും മദ്യം നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ഇത് സംബന്ധിച്ച ഉത്തരവില്‍ മനീഷ് സിസോദിയ പറയുന്നു. റവന്യൂ വരുമാനം കൂടി പരിഗണിച്ചാണ് നടപടിയെന്നും സിസോദിയ വിശദീകരിക്കുന്നു.

സര്‍ക്കാരിന്‍റെ തീരുമാനത്തെ നാഷണല്‍ റസ്റ്റോറന്‍റ് അസോസിയേഷന്‍ സ്വാഗതം ചെയ്തു. ഹോട്ടല്‍ ഉടമകളെ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ ഇത് സഹായിക്കുമെന്ന് അസോസിയേഷന്‍ മന്‍പ്രീത് സിംഗ് പറഞ്ഞു. ഉത്തരവിന്‍റെ പകര്‍പ്പ് കിട്ടിയാല്‍ ഉടന്‍ ഹോട്ടലുകളില്‍ ഭക്ഷണത്തിനൊപ്പം മദ്യം വിളമ്പുമെന്നും അദ്ദേഹം അറിയിച്ചു.