Sat. Jan 18th, 2025

കൊച്ചി:

കൊവിഡ് രോഗികളുടെ ഫോണ്‍  വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിലപാട് മാറ്റി സംസ്ഥാന സര്‍ക്കാര്‍. ഫോൺ വിളി വിശദാംശങ്ങൾ വേണ്ട ടവർ ലൊക്കേഷൻ മാത്രം മതിയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന്‍റെ വിശദീകരണം.

രോ​ഗം സ്ഥിരീകരിച്ച ദിവസത്തിന് പിന്നോട്ടുള്ള 14 ​ദിവസത്തെ ടവർ ലൊക്കേഷൻ വിവരങ്ങൾ മാത്രമേ ഇത്തരത്തിൽ ശേഖരിക്കുന്നുള്ളു എന്നും സർക്കാർ വ്യക്തമാക്കി. ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെങ്കില്‍ പ്രശ്നമില്ലെന്ന് സര്‍ക്കാരിനോട് കോടതി വ്യക്തമാക്കി. മറ്റ് രേഖകള്‍ വേണമെങ്കില്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി അറിയിച്ചു. വിഷയത്തിൽ ഏതെങ്കിലും തരത്തിൽ മാറ്റമുണ്ടെങ്കിൽ വിശദമായ റിപ്പോർട്ട് വെള്ളിയാഴ്ച്ചയ്ക്കകം സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്

കൊവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കാൻ ഇങ്ങനെയുള്ള വിവരശേഖരണം നടത്തുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് രമേശ് ചെന്നിത്തല കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാര്‍ നടപടി ഭരണഘടന വിരുദ്ധമാണ്. സി ഡി ആര്‍ ശേഖരണം അടിയന്തിരമായി നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

 

By Binsha Das

Digital Journalist at Woke Malayalam