Fri. Apr 19th, 2024

എറണാകുളം:

വര്‍ഷങ്ങളായി ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളി സർക്കാർ ഏറ്റെടുത്തു. ഹെെക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ നടപടി. പള്ളിക്കുള്ളില്‍ പ്രതിഷേധവുമായി തമ്പടിച്ച വിശ്വാസികളെയും വൈദികരേയും മെത്രാപ്പോലീത്തമാരേയും അടക്കം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പള്ളി ഏറ്റെടുത്ത് താക്കോല്‍ കൈമാറാന്‍ ജില്ലാ ഭരണകൂടത്തിന് ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്ന് പുലര്‍ച്ചെ 5.10ഓടെ പള്ളിയുടെ ഗെയ്റ്റിന്‍റെ പൂട്ട് തല്ലിപ്പൊളിച്ച് പൊലീസ് അകത്തേക്ക് കടന്നത്. സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിനായിരുന്നു പള്ളിയേറ്റെടുക്കേണ്ട ചുമതല. സബ് കളക്ടര്‍ അടക്കം ആവശ്യപ്പെട്ടിട്ടും വിശ്വാസികള്‍ വഴങ്ങാതെ വന്നതോടെയാണ് പൊലീസ് ബലപ്രയോഗത്തിലേക്ക് നീങ്ങിയത്. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പിപിഇ കിറ്റ് ധരിച്ചാണ് പൊലീസ് വിശ്വാസികളെയും വെെദികരെയും അറസ്റ്റ് ചെയ്ത് നീക്കിയത്.

അതേസമയം, ഒരു കോടതി വിധിയുടെ മറവില്‍ പള്ളിപിടിച്ചെടുക്കുകയാണ് ചെയ്തതെന്നും കിരാതമായി നിയമം നടപ്പാക്കുകയായിരുന്നുവെന്നും കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രോപൊലിത്ത പ്രതികരിച്ചു. യാക്കോബക്കാരനു മാത്രം നീതിയില്ലേ ഈ നാട്ടിലെന്നും അദ്ദേഹം ചോദിച്ചു.

 

By Binsha Das

Digital Journalist at Woke Malayalam