ന്യൂഡല്‍ഹി:
രാജ്യത്ത് കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ധനവില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57, 982 പുതിയ കൊവിഡ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ അറുപതിനായിരത്തിന് മുകളില്‍ ആയിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. ഒറ്റ ദിവസം കൊണ്ട് 941 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 50,000 കടന്നു. കൊവിഡ് ബാധിതരുടെ എണ്ണം 26,47,664 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 11,111 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 288 പേര്‍ക്ക് കൊവിഡില്‍ ജീവന്‍ നഷ്ടമാകുകയും ചെയ്തു. ആന്ധ്രപ്രദേശില്‍ 8012 പേര്‍ക്കാണ് ഒറ്റ ദിവസം കൊണ്ട് രോഗം സ്ഥിരീകരിച്ചത്. 88 പേര്‍ 24 മണിക്കൂറിനിടെ മരണപ്പെടുകയും ചെയ്തു.
ഓഗസ്റ്റ് 16 വരെ മൂന്ന് കോടി നാല്‍പ്പത്തി ഒരായിരത്തി നാനൂറ് (3,00,41,400) സാംപിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. കൊവിഡ് രോഗികൾ കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ 55 ലക്ഷം കവിഞ്ഞ യുഎസിനും 33 ലക്ഷം കടന്ന ബ്രസീലിനും ശേഷം ഇന്ത്യയാണ് ഇപ്പോള്‍ മൂന്നാമത്.