Wed. Jan 22nd, 2025
ഡൽഹി:
ഒറ്റരാത്രികൊണ്ട് 48 പൈലറ്റുമാരെ പുറത്താക്കി എയര്‍ ഇന്ത്യ. കഴിഞ്ഞവർഷം, എയർ  ഇന്ത്യയ്ക്ക് രാജിക്കത്ത് സമർപ്പിച്ച ശേഷം പിന്നീട് നിയമപരമായി അത് പിൻവലിച്ച 40 പൈലറ്റുമാരെയാണ് മുന്നറിയിപ്പ് ഒന്നും കൂടാതെ എയർ ഇന്ത്യ പുറത്താക്കിയത്. കഴിഞ്ഞ 13ന് രാത്രി  10 മണിക്കാണ്  എയര്‍ ബസ് 320 വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാരെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്.
പുറത്താക്കല്‍ തീരുമാനം വന്ന സമയത്ത് ഇവരില്‍ പല പൈലറ്റുമാരും വിമാനം നിയന്ത്രിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന ഗുരുതരമായ കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.  അടിയന്തിര പ്രാധാന്യത്തോടെ പുറത്താക്കല്‍ നടപടി പ്രാബല്യത്തിലായെന്നാണ് എയര്‍ ഇന്ത്യ പറയുന്നത്. എന്നാൽ, രാജിക്കത്ത് പിൻവലിച്ചുകൊണ്ടുള്ള പൈലറ്റുമാരുടെ അപേക്ഷ എയർ ഇന്ത്യ അംഗീകരിച്ചതായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയും കോവിഡ് വ്യാപനം മൂലം വ്യോമയാന മേഖലയ്ക്കുണ്ടായ പ്രശ്‌നങ്ങളും മൂലമാണ് നടപടിയെന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ എയർ ഇന്ത്യ പറയുന്നു. ഇപ്പോൾ സർവീസുകൾ കുറഞ്ഞതിനാൽ കമ്പനി വലിയ പ്രതിസന്ധിയിലാണെന്നും അടുത്ത കാലത്തൊന്നും സർവീസുകൾ പഴയപോലെ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ, പുറത്താക്കല്‍ നടപടി നിയമവിരുദ്ധമാണെന്ന് ഇന്ത്യന്‍ കൊമേഷ്യല്‍ പൈലറ്റ് അസോസിയേഷന്‍ ആരോപിച്ചു. വിഷയത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം.

By Arya MR