Mon. Dec 23rd, 2024

തിരുവനന്തപുരം

കരിപ്പൂര്‍ വിമാന ദുരന്തസ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മലപ്പുറം കളക്ടര്‍ക്ക്  കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്. മന്ത്രിമാരായ കെ കെ ശെെലജ, എസി മൊയ്തീന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവാരണ് നിരീക്ഷണത്തില്‍ പോയത്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. 

നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. മുഖ്യമന്ത്രിക്ക് പകരം ദേവസ്വം മന്ത്രിയായിരിക്കും പതാക ഉയര്‍ത്തുക. അതേസമയം, രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം ഇല്ലാത്തതിനെ തുടര്‍ന്ന് ഗവര്‍ണര്‍ നിരീക്ഷണത്തില്‍ പോകില്ല.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന മലപ്പുറത്ത് പ്രതിരോധത്തിന് നേതൃത്വം നൽകിയ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ, സബ് കളക്ടർ, ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീം എന്നിവർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ആന്റിജൻ പരിശോധനയിലാണ് ഇവർ കൊവിഡ് പോസിറ്റിവായത്. ഇത് കൂടാതെ ജില്ലാ കലക്ടറേറ്റിലെ 20 ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam