തിരുവനന്തപുരം:
കൊവിഡ് സ്രവ സാമ്പിൾ ശേഖരണം ഇനി മുതൽ നഴ്സുമാർ നിർവഹിക്കണമെന്ന സർക്കാർ ഉത്തരവ് പാലിക്കാനാവില്ലെന്ന് കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ. ഡോക്ടർമാർ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ ശ്രമിക്കുകയാണെന്നും നഴ്സുമാരുടെ മേൽ അധികഭാരം ചുമത്തുകയാണെന്നും കെ.ജി.എൻ.എ ആരോപിച്ചു. നഴ്സുമാരോ ലാബ് ടെക്നീഷ്യൻമാരോ ആണ് സ്രവ സാമ്പിൾ ശേഖരിക്കേണ്ടതെന്നും ഇവർക്കാവശ്യമായ പരിശീലനം ഡോക്ടർ അല്ലെങ്കിൽ ലാബ് ഇൻ ചാർജ് നൽകണമെന്നുമുള്ള ഉത്തരവ് ബുധനാഴ്ചയാണ് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ചത്. എന്നാൽ, ഈ നീക്കം നേരത്തെ തന്നെ പല ജില്ലകളിലും ആരംഭിച്ചിരുന്നുവെന്നും ഇക്കാര്യത്തിലുള്ള പ്രതിഷേധം കെ.ജി.എൻ.എ ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവരെ അറിയിച്ചതാണെന്നും സംഘടന വ്യക്തമാക്കി.