Fri. Apr 26th, 2024

 

ചരിത്രത്തിൽ നിങ്ങളെന്നെ ഇകഴ്ത്തി എഴുതാം,
വളഞ്ഞുപുളഞ്ഞ കളവുകൾ കൊണ്ട്,
ചെളിയിലേയ്ക്കെന്നെ നിങ്ങൾ ചവിട്ടിമെതിക്കാം,
എങ്കിലും, ധൂളീപടലം പോലുയരുന്നു ഞാൻ.

എന്റെ ധിക്കാരം നിങ്ങളെ അലോസരപ്പെടുത്തുന്നുവോ?
മൂകത നിങ്ങളെ അലട്ടുന്നുവോ?
എന്റെ വിരുന്നുമുറിയിൽ എണ്ണഖനികൾ കുഴിച്ചെടുക്കുന്നുണ്ടെന്നപോൽ
ഞാൻ വിലസുന്നതുകൊണ്ട്?

സൂര്യനും ചന്ദ്രനും പോലെ,
വേലിയേറ്റങ്ങളുടെ സുസ്ഥിരത പോലെ,
പ്രതീക്ഷകൾ കുതിച്ചുപൊങ്ങുന്നത് പോലെ,
ഞാനുയരുന്നു.

പൊട്ടിത്തകർന്നതായി എന്നെ നിങ്ങൾക്ക് കാണണമായിരുന്നോ?
മിഴികൾ കൂമ്പി തല കുനിച്ച്?
കണ്ണുനീർത്തുള്ളി വീണതുപോലെ ചുമലിടിഞ്ഞ്,
ആത്മാവിൽനിന്നുയർന്ന നിലവിളികളിൽ ക്ഷീണിച്ച്?

എന്റെ ധാർഷ്ട്യം നിങ്ങളെ നീരസപ്പെടുത്തുന്നോ?
അതികഠിനമായി അതുള്ളിലെടുക്കരുത്,
കാരണം,
എന്റെ പുരയിടത്തിൽ സ്വർണ്ണഖനികൾ കുഴിച്ചെടുക്കുന്നുണ്ടെന്നപോൽ
ഞാൻ ചിരിക്കുന്നു.

നിങ്ങളുടെ വാക്കാലെന്നെ വീഴ്ത്താം,
നിങ്ങളുടെ നോക്കാലെന്നെ മുറിയ്ക്കാം,
വെറുപ്പാലെന്നെ കൊന്നുതള്ളാം,
എങ്കിലും കാറ്റെന്നപോൽ ഞാനുയിർത്തുയരുന്നു.

എന്നിലെ കാമിനി നിങ്ങളെ നീരസപ്പെടുത്തുന്നോ?
അത് നിങ്ങളെ അത്ഭുതപ്പെടുത്തുന്നോ
എന്റെ തുടയിടുക്കുകളിൽ രത്നങ്ങളാണെന്നപോൽ
ഞാൻ നർത്തനമാടുന്നത്?

കാലത്തിന്റെ കളങ്കക്കൂരകളിൽ നിന്ന് ഞാനുയരുന്നു,
നോവിൽ വേരൂന്നിയ
പോയകാലത്തിൽ നിന്ന് ഞാനുയരുന്നു,
കറുത്ത കടലാണ് ഞാൻ,
പരന്നും കുതിച്ചും,
വീങ്ങിയും വീർത്തും,
ഒഴുക്കുകളിൽ എന്നെ ഞാൻ വഹിക്കുന്നു.

ഭയഭീതികളുടെ രാവുപേക്ഷിച്ച് ഞാനുയരുന്നു,
തെളിഞ്ഞ പ്രഭാതങ്ങളിലേയ്ക്ക് ഞാനുയിർക്കുന്നു,
പൂർവ്വികർ തന്ന വരങ്ങളും പേറി,
അടിമയുടെ സ്വപ്നവും പ്രതീക്ഷയും ഞാനാണ്,
ഞാനുയരുന്നു
ഞാനുയരുന്നു
ഞാനുയരുന്നു.

(മായ ആഞ്ചലോയുടെ കവിത)

Maya Leela, PhD. Linguist, SLP.

അഭിപ്രായങ്ങൾ ലേഖകരുടേത് മാത്രം