ന്യൂഡല്‍ഹി:
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. തുടര്‍ച്ചായായി മൂന്നാമത്തെ ദിവസവും 60,000 മുകളില്‍ ആണ് പുതിയ കൊവിഡ് രോഗികള്‍. 24 മണിക്കൂറിനുള്ളില്‍ 64,399 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 861 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 21,53,011 ആയി. കൊവിഡ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞവരാകട്ടെ 43,379 ആയി.
നിലവില്‍ 6,28,747 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 14,80,885 പേര്‍ രോഗ മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 68.78 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്.
ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമാണ്. അതേസമയം, കൊവിഡ് രോഗികള്‍ കുതിച്ചുയര്‍ന്ന രാജ്യ തലസ്ഥാനത്ത് നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി കൊണ്ടിരിക്കുകയാണ്. കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന മഹാരാഷ്ട്രയില്‍ രോഗവ്യാപനത്തിന് വലിയ തോതില്‍ കുറവില്ലെങ്കിലും മരണനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.