ന്യൂഡല്‍ഹി:
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ കുറിച്ചുള്ള തന്റെ നിലപാട് പരോക്ഷമായി വ്യക്തമാക്കി കോൺഗ്രസ്സ് എംപി രാഹുൽ ഗാന്ധി. രാമൻ എന്നാൽ നീതിയാണ്, അദ്ദേഹം അനീതിയ്ക്ക് ഒപ്പം ഒരിക്കലും ഉണ്ടാകില്ലെന്നുമാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രിയങ്ക ഗാന്ധിയുടെ നിലപാടിന് വിരുദ്ധമായി തന്റെ രാഷ്ട്രീയ നിലപാട് കൂടി വെളിപ്പെടുത്തുന്ന തരത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. മര്യാദ പുരുഷോത്തമനായ രാമൻ ഒരിക്കലും അനീതിയ്ക്കും, ക്രൂരതയ്ക്കും വെറുപ്പിനുമൊപ്പവും അല്ലെന്ന് അദ്ദേഹം കുറിച്ചു.
അതേസമയം, സാമുദായിക സൗഹാർദവും നാനാത്വത്തിൽ ഏകത്വവും ഉയർത്തിപ്പിടിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രതികരിച്ചു. രാമക്ഷേത്രത്തെ കുറിച്ചോ ഇന്ന് നടന്ന ശിലാസ്ഥാപനത്തെ കുറിച്ചോ പരാമർശിക്കാതെയാണ് മമതയുടെ ട്വീറ്റ്.
ഇതിനിടെ, ഇന്ന് ബംഗാളിൽ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അയോധ്യയിൽ ഭൂമി പൂജ നടക്കുമ്പോഴുള്ള ആഘോഷങ്ങൾ തടയാനാണ് മമത സർക്കാർ ഇന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്ന് ബിജെപി ആരോപിച്ചു.