25 C
Kochi
Friday, July 30, 2021

Daily Archives: 14th June 2020

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും വിദ്യാർത്ഥികൾക്ക് പഠനം ഉറപ്പാക്കുന്ന 'ഫസ്റ്റ്‌ബെൽ' പദ്ധതിയിൽ നാളെ മുതൽ പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും. നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെ ആയിരിക്കും പുതിയ ക്ലാസുകളും നടക്കുക. ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് പ്രയോജനമാകുന്ന വിധം ഇംഗ്ലീഷ് വാക്കുകൾ എഴുതിക്കാണിക്കാനും, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷാ ക്ലാസുകളിൽ മലയാള വിശദീകരണം നൽകാനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയതായി കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. തിങ്കൾ മുതൽ വെള്ളി വരെയുള്ള ക്ലാസുകളിൽ ഓരോ ദിവസവും...
തൃശൂർ: സമ്പർക്കത്തിലൂടെയുള്ള കൊവി‍ഡ‍് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് തൃശൂർ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. അത്യാവശ്യകാര്യങ്ങൾക്ക് മാത്രം കളക്ട്രേറ്റിൽ എത്തിയാൽ മതിയെന്നാണ് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിരിക്കുന്നത്. ഓഫീസുകളിൽ പകുതി ജീവനക്കാർ മതിയെന്നാണ് ഉത്തരവ്. തൃശ്ശൂർ നഗരസഭയുൾപ്പെടെ 10 പ്രദേശങ്ങളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.അതേസമയം മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ സമ്പര്‍ക്കം മൂലമുള്ള കൊവി‍ഡ‍് രോഗികൾ കൂടുന്ന സാഹചര്യവും ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്നലെ മാത്രം മലബാർ ജില്ലകളിലെ 14 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം  ബാധിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗികളുടെ എണ്ണം കാര്യമായി വർധിക്കുന്നുണ്ടെങ്കിലും സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം നിയന്ത്രണവിധേയമായത് ആശ്വാസകരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. വൈറസ് വ്യാപനത്തിൻ്റെ ആദ്യഘട്ടത്തിൽ 28 ശതമാനം പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതെന്നും, അത് രണ്ടാം ഘട്ടത്തിൽ എത്തിയപ്പോഴും പത്ത് ശതമാനം പേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധ ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് രോഗികളുടെ മൃതദേഹം സംസ്കാരിക്കാൻ അനുവദിക്കാതിരിക്കുക, അവരെ ക്വാറൻ്റൈനിൽ പാർപ്പിച്ച സ്ഥലങ്ങൾ ഭീകരകേന്ദ്രങ്ങളായി ചിത്രീകരിക്കുക ഇതൊന്നും ശരിയായ നടപടി അല്ലെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.
അബുദാബി: നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന രീതിയിലുള്ള ജോലികള്‍ക്ക് നൽകിവരുന്ന ഉച്ച വിശ്രമ നിയമം യുഎഇയില്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മാനവവിഭവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് വിലക്ക്. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിക്കുന്നത്. കൊവിഡ് ജാഗ്രതയുടെ ഭാഗമായുള്ള മുന്‍കരുതലുകള്‍ക്ക് പുറമെ നിര്‍ജലീകരണം ഒഴിവാക്കാൻ തണുത്ത വെള്ളം നൽകണമെന്നും കൂടുതല്‍ സമയം ജോലി ചെയ്താല്‍ ഓവര്‍ ടൈം ആയി കണക്കാക്കി പ്രത്യേക വേതനം നല്‍കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഡൽഹി: രുചിയും മണവും നഷ്ടപ്പെടുന്ന അവസ്ഥയെ കൂടാതെ വയറിളക്കവും പേശിവേദനയും കൂടി കൊവിഡ് ലക്ഷണങ്ങളിൽ ഉൾപ്പെടുത്തിയതായി ഐസിഎംആർ അറിയിച്ചു. പനി, തൊണ്ടവേദന, ചുമ, കഫക്കെട്ട്, മൂക്കടപ്പ്, ക്ഷീണം, ശ്വാസതടസം, എന്നിവ ഉൾപ്പടെ 10 ലക്ഷണങ്ങളാണ് ആരോഗ്യമന്ത്രാലയം കൊവിഡ് ലക്ഷണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.എല്ലാ ലക്ഷണങ്ങളും കൊവിഡ് ബാധയുള്ള ഒരു വ്യക്തിയില്‍ കാണണമെന്നില്ലെന്നും ഇതിലേതെങ്കിലും ഒരു ലക്ഷണം കാണിച്ചാല്‍ തന്നെ പരിശോധന ഉറപ്പുവരുത്തണമെന്നും ആരോ​ഗ്യവിദ​ഗ്ധർ നിർദ്ദേശം നൽകി. എന്നാൽ 'റാന്‍ഡം' പരിശോധന നടത്തിയാല്‍ മാത്രമേ ലക്ഷണങ്ങൾ പ്രകടമാക്കാത്ത രോഗികളെ കണ്ടെത്താനാകു എന്നും വ്യക്തമാക്കി.
ഡൽഹി: തുടര്‍ച്ചയായി എട്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ പെട്രോളിന് 4 രൂപ 53 പൈസയും ഡീസലിന് 4 രൂപ 41 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 76.16 രൂപയും ഡീസലിന് 70.21 രൂപയുമാണ് വില.
ഡൽഹി: ഡൽഹിയിൽ കൊവിഡ് കേസുകളിൽ വൻ വർധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് ഉന്നതതല യോഗം വിളിച്ചുചേർത്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഡൽഹി ലഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍ അനില്‍ ബെയ്ജാല്‍, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. വൈകുന്നേരം അഞ്ച് മണിയോടെ ഡൽഹിയിലെ മേയര്‍മാരുമായും അമിത്ഷാ ചർച്ച നടത്തും. ഡൽഹിയിൽ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ അകെ എണ്ണം 38,958 ആയി.
കൊച്ചി: കൊച്ചി കപ്പൽശാലയിൽ നിന്ന് ഹാർഡ് ഡിസ്‌ക് മോഷണംപോയ സംഭവത്തിൽ പ്രതികളെ ശാസ്ത്രീയമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എൻഐഎ. പ്രതികൾക്ക് കപ്പലിൽ കയറി മോഷണം നടത്താനുള്ള സാങ്കേതിക പരിജ്ഞാനം എങ്ങനെയുണ്ടായെന്ന് കണ്ടെത്താനാണ് ഈ നീക്കമെന്ന് എൻഐഎ അറിയിച്ചു. കരാറു കമ്പനിയുമായുള്ള എതിർപ്പിനെ തുടർന്ന് യുദ്ധക്കപ്പലിൽ നിന്നും ഹർഡ് ഡിസ്‌കുകളും കേബിളുകളും മോഷ്ടിച്ചുവെന്നാണ് പ്രതികൾ മൊഴി നൽകിയത്. പ്രതികളെ നാളെ കസ്റ്റഡിയിൽ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
ഡൽഹി: ഇന്ത്യൻ പ്രദേശങ്ങളെ കൂടി ഭൂപടത്തിൽ ഉൾപ്പെടുത്തിയ നേപ്പാൾ പാർലമെന്റിന്റെ തീരുമാനം ഗൗരവത്തോടെ കാണുന്നുവെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ. കൃത്രിമമായി സൃഷ്ടിച്ചതാണ് ഈ അവകാശവാദങ്ങളെന്നും, ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ പിൻബലമില്ലാതെയാണ് ഭൂപടം തിരുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അതിർത്തിയിലെ കാലാപാനി, ലിപുലെഖ്, ലിംപിയാദുര തുടങ്ങിയ പ്രദേശങ്ങളാണ് പുതുതായി നേപ്പാൾ അതിർത്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും അതിർത്തി തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന നിലവിലെ തീരുമാനത്തിന് എതിരായാണ് നേപ്പാളിന്റെ നിലപാടെന്നും വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി.