വാഷിങ്ടൺ:
ആഫ്രിക്കന്‍ വംശജന് ജോര്‍ജ് ഫ്ളോയിഡ് പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുന്നു. ജോര്‍ജ് ഫ്ളോയിഡിന്റെ നീതിയ്ക്കായുള്ള പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തുമ്പോള്‍ യുഎസ്സിലെ 50ഓളം നഗരങ്ങളിലാണ് ആളുകൾ തെരുവിലുള്ളത്. കൊവിഡ് ഭീഷണിക്കും നിയന്ത്രണങ്ങൾക്കുമപ്പുറം വൻ റാലികളാണ് അമേരിക്കന്‍ തെരുവില്‍ അരങ്ങേറുന്നത്.
പ്രതിഷേധം കനത്തതോടെ യുഎസിലെ 40 നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വാഷിങ്ടണ്‍ ഡിസിയുള്‍പ്പെടെയുള്ള നഗരങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലും ചിക്കാഗോയിലുമടക്കം പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രക്ഷോഭകര്‍ വെെറ്റ് ഹൗസിന് സമീപത്ത് തടിച്ചുകൂടിയതോടെ സുരക്ഷ മുന്‍ നിര്‍ത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെെറ്റ് ഹൗസിലെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്.