ന്യൂഡല്‍ഹി:
രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെതിരായ യുദ്ധം നീണ്ട് നില്‍ക്കുന്നതാണെന്നും, ഇപ്പോഴത്തെ തിരിച്ചടി ദുരന്തങ്ങളിലേക്ക് നയിക്കാന്‍ പാടില്ലെന്നും പ്രധാനമന്ത്രി കത്തിലൂടെ പറയുന്നു. നിലവിലെ പ്രതിസന്ധിയില്‍ ആര്‍ക്കും അസൗകര്യമോ അസ്വസ്ഥകളോ ഉണ്ടായിട്ടില്ലെന്ന് തീര്‍ച്ചയായും അവകാശപ്പെടാനാവില്ല. കുടിയേറ്റ തൊഴിലാളികള്‍, കരകൗശല തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍ തുടങ്ങി സ്വയം തൊഴില്‍ കണ്ടെത്തുന്നവരെല്ലാം വളരെയധികം ബുദ്ധിമുട്ടി. എന്നാല്‍, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഞങ്ങള്‍ ഏകീകൃതവും നിശ്ചയദാര്‍ഢ്യവുമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മോദി കത്തില്‍ കുറിച്ചു.
130 കോടി ഇന്ത്യക്കാരുടെ കരുത്തില്‍ സാമ്പത്തിക പുനരുജ്ജീവനമുണ്ടാകും. ഇതിന് ലോകത്തെ ആശ്ചര്യപ്പെടുത്താനും പ്രചോദിപ്പിക്കാനും സാധിക്കുമെന്നും അദ്ദേഹം പറയുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ സര്‍ക്കാര്‍ കൈവരിച്ച സുപ്രധാന നേട്ടങ്ങളും കത്തില്‍ വിശദീകരിക്കുന്നുണ്ട്.