കോഴിക്കോട്:
കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അലന്‍, താഹ എന്നിവരുമായി ബന്ധപ്പെട്ട് നടന്ന ചോദ്യം ചെയ്യലിൽ മൂന്ന് പേരെക്കൂടി എന്‍ ഐ എ സംഘം കസ്റ്റഡിയിലെടുത്തു. ആക്റ്റിവിസ്റ്റായി സുഹൃത്തുക്കളുടെ ഇടയിൽ അറിയപ്പെടുന്ന അഭിലാഷ് പടച്ചേരി താമസിക്കുന്ന വാടക വീട് റെയ്ഡ് ചെയ്യുകയും അവിടെ നിന്ന് മൊബൈൽ തുടങ്ങിയവ കണ്ടെടുക്കുകയും ചെയ്തതായി പറയപ്പെടുന്നു. കോഴിക്കോട് ചെറുകുളത്തൂരിലെ പരിയങ്ങാട് ഭാഗത്ത് മെഡിക്കല്‍ കോളേജിനടുത്തുള്ള ഇരിങ്ങാടന്‍ പള്ളിയിലെ വാടക വീട്ടിൽ നിന്നുമാണ് അഭിലാഷിനെ കസ്റ്റഡിയിൽ എടുത്തത്.
ഇതിനു മുൻപും വടയമ്പാടി ജാതിമതിൽ പ്രശ്നത്തിൽ അഭിലാഷ് അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്വന്തം വിവാഹം ഉൾപ്പടെ തടയപ്പെടുകയും ചെയ്തിട്ടുള്ള വ്യക്തിയാണിദ്ദേഹം.
ഇദ്ദേഹത്തെ കൂടാതെ കോഴിക്കോട് ചെറുകുളത്തൂരില്‍ താമസിക്കുന്ന വയനാട് സ്വദേശികളായ ദ്വിജിത്ത്, എൽദോ എന്നിവരുടെ വീട്ടിലും പോലീസ് പുലർച്ചെ റെയ്ഡ് നടത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇവർ ബി-ടെക്ക് ട്യൂഷൻ സെന്റർ നടത്തുന്നവരായാണ് റിപ്പോര്‍ട്ടുകള്‍.
വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മലപ്പുറം പാണ്ടിക്കാട് സ്വദേശി സിപി ജലീലിന്റെ കുടുംബാംഗങ്ങള്‍ താമസിക്കുന്ന വീടുകളിലും റെയ്ഡ് നടന്നു. നാലു വർഷം മുമ്പ് രജിസ്റ്റർ ചെയ്തതായി പറയപ്പെടുന്ന Cr. No: 471/16 – എന്ന പാണ്ടിക്കാട് സ്റ്റേഷനിലെ കേസ് സംബന്ധിച്ചാണ് തിരച്ചിൽ. ഇവിടെ നിന്നും ഫോണുകളും ഈ റീഡറും കൊണ്ടുപോയതായി പറയുന്നു.
കൊച്ചി എന്‍ഐഎ യൂണിറ്റ് ഡിവൈഎസ്പി വിജിന്റെ നേതൃത്വത്തില്‍ മെയ് ഒന്ന് വൈകുന്നേരത്തോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അലന്‍, താഹ കേസില്‍ രണ്ട് ദിവസം മുമ്പാണ് എൻഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍, സിപി ഉസ്മാന്‍ എന്നിവര്‍ക്കെതിരെ യുഎപിഎയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം.