Sat. Jan 18th, 2025

ന്യൂഡല്‍ഹി:

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന റാപിഡ് ടെസ്റ്റ് കിറ്റുകളുടെ വില്‍പനയിലൂടെ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം മുഴുവന്‍ കോവിഡിനെതിരെ പൊരുതുമ്പോള്‍ ചില ആളുകള്‍ അധാര്‍മിക വഴികളിലൂടെ ലാഭം കൊയ്യാന്‍ ശ്രമിക്കുകയാണ്.  ഇത് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

” ലക്ഷകണക്കിന് വരുന്ന സഹോദരി സഹോദരന്മാര്‍ കൊവിഡില്‍ ബുദ്ധിമുട്ടികൊണ്ടിരിക്കുമ്പോള്‍ അതില്‍ നിന്ന് ലാഭം ഉണ്ടാക്കാന്‍ കഴിയുന്നത് വിശ്വസിക്കാന്‍ തന്നെ കഴിയുന്നില്ല. ഈ അഴിമതി ഏതൊരു ഇന്ത്യക്കാരനും അപമാനമാണ്. അഴിമതി കാണിച്ചവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു,”- രാഹുല്‍ ട്വീറ്റ് ചെയ്തു.

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ഐസിഎംആര്‍ വാങ്ങുന്നത് റിയല്‍ മെറ്റാബൊളിക്സ് എന്ന കമ്പനിയില്‍ നിന്നാണ്. 245 രൂപയ്ക്കാണ് റിയല്‍ മെറ്റാബൊളിക് ചെെനയില്‍ നിന്നും കിറ്റുകള്‍ വാങ്ങുന്നത്. എന്നാല്‍ വിതരണക്കാര്‍ ഒരു കിറ്റിന് 600 രൂപ നിരക്കിലാണ് സര്‍ക്കാരിന് വില്‍ക്കുന്നത്. ഈ കെള്ളലാഭത്തെ കുറിച്ചുള്ള തര്‍ക്കം ഡല്‍ഹി ഹൈക്കോടതിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഒരു കിറ്റിന്റെ വില 400 ആയി കുറയ്ക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

By Binsha Das

Digital Journalist at Woke Malayalam