തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കോട്ടയത്ത് 6, ഇടുക്കി 4, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേർ തമിഴ്നാട്ടിൽനിന്നുള്ളവരാണ്. ഒരാൾ വിദേശത്തുനിന്ന് എത്തിയതാണ്. ആറ് പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. എന്നാല്‍, ഒരാൾക്ക് എങ്ങനെയാണ് രോഗം വന്നതെന്ന് പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, 13 പേരാണ് ഇന്ന് രോഗമുക്തരായത്.
കണ്ണൂരില്‍ ആറുപേര്‍ക്കും കോഴിക്കോട്ട് നാലുപേര്‍ക്കും തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് രോഗമുക്തരായത്. അതേസമയം, ഇന്നലെയും ഇന്നുമായി കോട്ടയത്തും ഇടുക്കിയിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായ പശ്ചാത്തലത്തില്‍ ഈ ജില്ലകളെ റെഡ് സോണായി പ്രഖ്യാപിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഇതുവരെ 481 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 123 പേര്‍ ചികിത്സയിലാണ്. ഇന്നുമാത്രം 104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.