കൊച്ചി:
കൊവിഡ് പ്രതിരോധത്തിന്‍റെ പേരിൽ രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും ഡാറ്റകൾ അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലറിന് നൽകുന്ന കരാർ സംസ്ഥാന സർക്കാർ ലാഘവത്തോടെ കാണരുതെന്ന് ഹൈക്കോടതി. എന്തുകൊണ്ട് ഈ കമ്പനിയെ തിരഞ്ഞെടുത്തുവെന്നും, മറ്റൊരു ഏജൻസിയെയോ കമ്പനികളെയോ പരിഗണകാതിരുന്നതിലും കോടതി വിശദീകരണം തേടി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവരുടെ ഹർജികളും, ഒരു സ്വകാര്യവ്യക്തി കരാറിനെ എതിർത്ത് നൽകിയ ഹർജിയുമാണ് ഇന്ന് കോടതി പരിഗണിച്ചത്.
സർക്കാർ നൽകുന്ന രേഖകൾ ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കരുതെന്നും പരസ്യ ആവശ്യത്തിന് കേരള സർക്കാരിന്‍റെ പേരോ ലോഗോയോ ഉപയോഗിക്കരുതെന്നും കോടതി സ്പ്രിംക്ലറിനോട് നിർദ്ദേശിച്ചു. വ്യക്തികളുടെ വിവര ശേഖരണം രേഖാമൂലം അനുമതി വാങ്ങിയ ശേഷം മാത്രമെ ഇനി മുതൽ കമ്പനിക്ക് നടത്താനാകു.
എന്നാൽ സ്പ്രിംക്ളറുമായുള്ള കരാർ സെപ്റ്റംബർ വരെയാണെന്നും സ്പ്രിംക്ളറിന്‍റെ സേവനം അതിന് ശേഷവും ആവശ്യമെങ്കിൽ നീട്ടുമെന്നുമാണ് സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ മുംബൈയിൽ നിന്നുള്ള സൈബര്‍ നിയമ വിദഗ്ധയായ അഭിഭാഷക എൻ എസ് നപ്പിന്നൈ വ്യക്തമാക്കിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഹര്‍ജികളെല്ലാം മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.