എറണാകുളം:
ലോകമെങ്ങും കൊവിഡ് വ്യാപനം ഭീതിയുളവാക്കുന്ന പശ്ചാത്തലത്തില്‍ സ്വന്തം നാട്ടിലേക്കെത്താനുള്ള പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു. പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഇപ്പോള്‍ നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാജ്യം ലോക്ക് ഡൗണിലാണെന്നും ഇടക്കാല ഉത്തരവ് പ്രായോഗികമല്ലെന്നും കോടതി ചൂണ്ടികാട്ടി.
അതേസമയം, പ്രവാസികളെ സ്വീകരിക്കാൻ തയാറാണെന്ന് വാക്കാൽ പറയുന്ന സംസ്ഥാന സര്‍ക്കാരിനോട് ഇതിന് മുന്നോടിയായി നടത്തിയ തയ്യാറെടുപ്പുകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു. കെഎംസിസി നല്‍കിയ ഹര്‍ജി പരിഗണിച്ചുക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേരളം മാത്രമാണ് പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ ഇത്ര ശക്തമായി ആവശ്യമുന്നയിക്കുന്നതെന്നും അഭിഭാഷകര്‍ ചൂട്ടികാട്ടിയിരുന്നു.